കേരളത്തിൽ നിന്ന് മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസുകൾ : പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും.തിരു.: കേരളത്തിൽ നിന്നുള്ള പ്രതിവാര അമൃത് ഭാരത് എക്‌സ്പ്രസുകളുടെ ഫ്ലാഗ് ഓഫ് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിക്കും. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലാണ് കേരളത്തിനായി അനുവദിച്ച മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നിർവ്വഹിക്കുക. ഇതിനൊപ്പം ഗുരുവായൂർ -തൃശ്ശൂർ പാസഞ്ചറും ഫ്ലാഗ് ഓഫ് ചെയ്യും.
വെള്ളിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്യുന്ന മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസുകളുടെയും റേക്കുകൾ കഴിഞ്ഞ ദിവസം തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. റെയിൽവേ തിരുവനന്തപുരം ഡിവിഷനും ദക്ഷിണ റെയിൽവേയും പുതിയ റേക്കുകളുടെ വിവിധ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ച ഏറ്റവും പുതിയ ശ്രേണിയിലുള്ള ട്രെയിനാണ് അമൃത് ഭാരത് എക്‌സ്പ്രസ്. പൂർണ്ണമായും നോൺ എസി കോച്ചുകളാണ് ട്രെയിനിലുള്ളത്. അതിവേഗത്തിലുള്ള യാത്രയ്ക്കായി പുഷ്പുൾ സാങ്കേതിക വിദ്യയാണ് അമൃത് ഭാരതിലുള്ളത്. കുലുക്കം കുറയ്ക്കാനായി സെമി പെർമനന്റ് കപ്ലറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. എയർ സ്പ്രിങ് സസ്‌പെൻഷൻ ബോഗികൾ, ഇന്റഗ്രേറ്റഡ് പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, കുഷ്യൻ സീറ്റുകളും ബെർത്തുകളും, മൊബൈൽ ഫോൺ ഹോർഡറുകൾ, റീഡിങ് ലൈറ്റുകൾ, സെൻസർ വാട്ടർ ടാപ്പ്, സുരക്ഷ ഉറപ്പാക്കാനായി സിസിടിവി ക്യാമറകൾ, ബയോ വാക്വം ടോയ്‌ലെറ്റ് തുടങ്ങിയവ ഒക്കെയാണ് അമൃത് ഭാരത് ട്രെയിനുകളുടെ സവിശേഷതകൾ. ജനറലും സ്ലീപ്പറും അടക്കം ആകെ 22 കോച്ചുകളാണ് ഒരു ട്രെയിനിലുണ്ടാവുക.
മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസുകളുടെ സമയക്രമത്തിന് കഴിഞ്ഞ ദിവസം റെയിൽവേ അംഗീകാരം നൽകിയിരുന്നു. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള നാഗർകോവിലിൽ നിന്ന് മംഗളൂരുവിലേക്കുള്ള വണ്ടി (16329) ചൊവ്വാഴ്ചകളിൽ രാവിലെ 11.40ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ അഞ്ചിന് മംഗളൂരുവിലെത്തും. തിരിച്ച് (16330)മംഗളൂരു ജങ്ഷനിൽ നിന്ന് രാവിലെ എട്ടിന് പുറപ്പെട്ട് രാത്രി 10.05ന് നാഗർകോവിലിലെത്തും. തിരുവനന്തപുരം, കോട്ടയം, ഷൊർണൂർ വഴിയാണ് യാത്ര.
താംബരം- തിരുവനന്തപുരം അമൃത് ഭാരത് (16121) ബുധനാഴ്ചകളിൽ വൈകുന്നേരം 5.30ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ എട്ടിന് തിരുവനന്തപുരത്ത് എത്തും. തിരിച്ച് (16122) വ്യാഴാഴ്ച രാവിലെ 10.40ന് പുറപ്പെട്ട് അന്നു രാത്രി 11.45ന് താംബരത്തെത്തും. തിരുച്ചിറപ്പള്ളി, മധുര, നാഗർകോവിൽ വഴിയാണ് യാത്ര. ചർലപ്പള്ളി- തിരുവനന്തപുരം വണ്ടി (17041) ചർലപ്പള്ളിയിൽ നിന്ന് ചൊവ്വാഴ്ചകളിൽ രാവിലെ 7.15ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് 2.45ന് തിരുവനന്തപുരത്തെത്തും. തിരിച്ച് (17042) ബുധനാഴ്ച വൈകുന്നേരം 5.30ന് പുറപ്പെട്ട് വ്യാഴാഴ്ച രാത്രി 11.30ന് ചർലപ്പള്ളിയിലെത്തും. കോട്ടയം, എറണാകുളം, ജോലാർപേട്ട, ഗുണ്ടൂർ, നൽഗൊണ്ട വഴിയാണ് യാത്ര.
0 Comments