ഇരട്ടവോട്ട്: റവന്യൂ വകുപ്പ് നടപടി തുടങ്ങി.
ഇടുക്കി: അതിർത്തി ഗ്രാമങ്ങളിൽ ഇരട്ട വോട്ടുള്ളവർ ഉണ്ടെന്ന പരാതിയിൽ റവന്യൂ വകുപ്പ് നടപടി തുടങ്ങി. ഉടുമ്പൻചോല പഞ്ചായത്തിലെ രണ്ടു വാർഡുകളിൽ മാത്രം ഇത്തരത്തിൽ ഇരുന്നൂറോളം പേരുണ്ടെന്നാണ് കണ്ടെത്തൽ. ഇരട്ട വോട്ടുള്ളരോട് ഒന്നാം തീയതി ഹിയറിംഗിന് ഹാജരാകാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വം നല്‍കിയ പരാതിയിലാണ് ഇരട്ടുവോട്ടുണ്ടെന്ന് കണ്ടെത്തിയത്. ഉടുമ്പൻചോല പഞ്ചായത്തിലെ ആറ്, പന്ത്രണ്ട് വാര്‍ഡുകളില്‍ നടത്തിയ പരിശോധനയില്‍ 200 പേര്‍ക്ക് ഇരട്ടവോട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇതില്‍ 174 പേര്‍ക്കാണ് റവന്യു വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സംശയനിവാരണം നടത്തുന്നതിന് വേണ്ടിയാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. കേരളത്തിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇരട്ടവോട്ടുള്ളവര്‍ കൂടുതലാണെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
കേരളത്തിലും തമിഴ് നാട്ടിലും ഒരേ ദിവസം വോട്ടെടുപ്പ് നടന്നാൽപ്പോലും പലരും രണ്ടിടങ്ങളിലും വോട്ട് ചെയ്യാറുണ്ടെന്ന പരാതി ഉണ്ടായിരുന്നു. ഇത്തരം വോട്ടർമാരെ യഥാസമയത്ത് പോളിംഗ് ബൂത്തുകളിൽ എത്തിക്കാൻ പ്രത്യകസംഘവും പ്രവർത്തിച്ചരുന്നുവെന്നും പരാതി ഉണ്ടായിരുന്നു.
0 Comments