കോഴിക്കോട്: അടിത്തട്ടിൽ പാറ കാണപ്പെട്ടതോടെ തടസ്സപ്പെട്ട തുറമുഖ കപ്പൽച്ചാൽ ആഴം കൂട്ടൽ പുന:രാരംഭിക്കാനാകാതെ അധികൃതർ. തുറമുഖത്തെ ഡ്രഡ്ജിങ് പ്രവൃത്തി മുടങ്ങിയിട്ട് അഞ്ചര മാസമായി. മൺസൂണിന് മുൻപ് ഡഡ്ജിങ് നടത്താൻ പറ്റുമോയെന്ന കാര്യം സംശയമാണ്. പൂർണ്ണതോതിൽ പാറ പൊട്ടിച്ചു കപ്പൽച്ചാൽ ആഴം കൂട്ടുന്നതിനു വലിയ തുക വേണ്ടി വരുമെന്നതാണ് പ്രതിസന്ധി. ഹാർബർ എൻജിനീയറിങ് വകുപ്പിൻ്റെ നേതൃത്വത്തിൽ 85 കോടി രൂപയുടെ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി മാരിടൈം ബോർഡിനു സമർപ്പിച്ചിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല.
മാരിടൈം ബോർഡ് ഫണ്ടിൽ അനുവദിച്ച 11 കോടി രൂപ ചെലവിട്ടാണ് തുറമുഖം വാർഫും കപ്പൽച്ചാലും ഡ്രജിങ് തുടങ്ങിയത്. 2023 മേയ് 11നു തുടങ്ങിയ പ്രവൃത്തി പുരോഗമിക്കുന്നതിനിടെ അടിത്തട്ടിൽ പാറ കാണപ്പെട്ടു. ഇക്കാര്യം കരാർ കമ്പനി ഹാർബർ എൻജിനീയറിങ് അധികൃതരെ അറിയിക്കുകയും ചെയ്തു. ആദ്യ റീച്ച് ജൂൺ 4ന് പൂർത്തിയാക്കിയ കരാറുകാർ മൺസൂണിന് ശേഷം രണ്ടാം റീച്ച് പ്രവൃത്തി ഒക്ടോബർ 2നു തുടങ്ങിയെങ്കിലും വീണ്ടും പാറ കാണപ്പെട്ടതോടെ ഒക്ടോബർ 4ന് ഡ്രഡ്ജിങ് നിർത്തിവച്ചു. ചെയ്തു തീർത്ത പ്രവൃത്തിയിൽ ബാക്കിയുള്ള ഫണ്ട് ഉപയോഗിച്ച് കപ്പൽച്ചാലിലെ ചെങ്കൽ പാറ പൊട്ടിച്ചെടുക്കാൻ മാരിടൈം ബോർഡ് നിർദ്ദേശം നൽകിയെങ്കിലും അനുവദിച്ച ഫണ്ടിൽ ഇതു സാധ്യമാകില്ലെന്നു കണ്ടു കരാറുകാർ പിൻമാറി. പിന്നീട് ഹൈഡ്രോഗ്രഫിക് മറൈൻ സർവേ വിഭാഗം നടത്തിയ പരിശോധനയിൽ വാർഫ് ബേസിൻ മുതൽ അഴിമുഖം വരെയുള്ള 3 കിലോമീറ്റർ ദൂരത്തിൽ കപ്പൽച്ചാലിൽ ഏതാണ്ട് 22 ലക്ഷം ക്യുബിക് മീറ്റർ പാറയുണ്ടെന്ന് കണ്ടെത്തി. ഇതോടയാണു മുഴുവൻ പാറയും പൊട്ടിച്ചു നീക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതിക്കു സമർപ്പിച്ചിരിക്കുന്നത്. വേലിയിറക്കത്തിൽ കപ്പൽച്ചാൽ 5.5 മീറ്റർ വരെ ആഴം ഉണ്ടാകും വിധത്തിൽ ചെളി നീക്കം ചെയ്യാനായിരുന്നു പദ്ധതി തയ്യാറാക്കിയത്. 6 സോണുകളാക്കി തുടങ്ങിയ പ്രവൃത്തിയിൽ ഒരു സോണിലെ ചെളി നീക്കി 4.5 മീറ്റർ ആഴം എത്തിയപ്പോഴാണ് അടിത്തട്ടിൽ പാറ കാണപ്പെട്ടത്. ഇതാണു ഡ്രഡ്ജിങ് പ്രവൃത്തി തുടരുന്നതിൽ പ്രതിസന്ധി സൃഷ്ടിച്ചത്. തുറമുഖത്തെ 160 മീറ്റർ നീളമുള്ള പുതിയ വാർഫും 150 മീറ്ററുള്ള പഴയ വാർഫും ആഴം കൂട്ടുന്നതിനൊപ്പം കപ്പൽച്ചാലും അഴിമുഖവും ഉൾപ്പെടെ ആഴം കൂട്ടേണ്ടതുണ്ട്. കപ്പൽച്ചാലിലെ പാറക്കെട്ടുകൾ പൂർണ്ണമായും പൊട്ടിച്ചു നീക്കിയാൽ മാത്രമേ ബേപ്പൂരിൽ വലിയ കപ്പലുകൾ അടുപ്പിക്കാൻ സാധ്യമാകൂ.
1 Comments
ok
ReplyDelete