പോര് മുറുകുന്നു; സംസ്ഥാനത്ത് കേന്ദ്ര നേതാക്കളുടെ വൻപടയെത്തുന്നു.
തിരു.: തെരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ട പ്രചാരണത്തിലേക്ക് മുന്നണികള്‍ കടന്നതോടെ കേന്ദ്രനേതാക്കളും സംസ്ഥാനത്തേയ്ക്ക്.
പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു ജില്ലകളില്‍ വീണ്ടും പ്രചാരണത്തിനെത്തും. പ്രിയങ്ക ഗന്ധി ഉള്‍പ്പടെയുള്ള നേതാക്കളെ ഇറക്കി കോണ്‍ഗ്രസും യച്ചൂരി ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളെ കൊണ്ടുവന്ന് സിപിഎമ്മും പ്രചരണത്തിന് കൊഴുപ്പ് കൂട്ടും.
പത്തനംതിട്ടയിലാണ് ഇത്തവണ ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ക്ക് മുന്നേയെത്തിയത് രണ്ടു തവണ തൃശ്ശൂരും ഒരിക്കല്‍ തിരുവനന്തപുരത്തും. വരുന്ന പതിനഞ്ചിനാണ് അടുത്ത വരവ്. കുന്നംകുളവും ആറ്റിങ്ങലുമാകും വേദികള്‍. തൃശ്ശൂര്‍, ആലത്തൂര്‍, തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കായാവും നേരിട്ടുള്ള വോട്ടഭ്യര്‍ത്ഥന.
ആരോഗ്യ പ്രശ്നങ്ങളാല്‍ നിശ്ചയിച്ച തീയതിക്ക് വരാന്‍ കഴിയാതിരുന്ന അമിത്ഷാ ഉള്‍പ്പടെയുള്ള കേന്ദ്രമന്ത്രിമാരും വരും ദിവസങ്ങളിൽ സംസ്ഥാനത്തെത്തും. വയനാട്ടില്‍ കെ. സുരേന്ദ്രന് വേണ്ടിയായിരിക്കും കൂടുതല്‍ ബിജെപി കേന്ദ്ര നേതാക്കളെത്തുക. പത്രികാ സമർപ്പണത്തിന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ആയിരുന്നു വന്നത്. രാഹുല്‍ ഗന്ധിയെ കടന്നാക്രമിക്കുകയെന്ന ലക്ഷ്യവുമായിട്ടായിരിക്കും വയനാട്ടിലേക്ക് കേന്ദ്രനേതാക്കള്‍ എത്തുക.
കോണ്‍ഗ്രസിന്‍റെ സ്റ്റാര്‍ ക്യാമ്പയിനര്‍ ഇക്കുറി പ്രിയങ്കയാണ്. വയനാടിന് പുറമെ ആലപ്പുഴ ഉള്‍പ്പടെയുള്ള മറ്റു മണ്ഡലങ്ങളിലും അവർ എത്തിയേക്കും. പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗന്ധിയും പരമാവധി മണ്ഡലങ്ങളില്‍ പ്രചാരണത്തിനെത്തും. ഡി.കെ. ശിവകുമാറിനെപ്പോലെ കേരളത്തില്‍ ആരാധകരുള്ള നേതാക്കളെയും കോണ്‍ഗ്രസ് ഇറക്കിത്തുടങ്ങി.
സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഡി. രാജയും അടക്കമുള്ള ഇടതുപക്ഷത്തിന്‍റെ ദേശീയ നേതാക്കളും അടുത്തയാഴ്ചയോടെ എത്തും. മൂന്നു മുന്നണികളുടെയും പ്രധാന നേതാക്കളിറങ്ങുന്നതോടെ തെരഞ്ഞെടുപ്പ് ചൂട് പാരമ്യതയിൽ എത്തും.
0 Comments