കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ് അവഗണിച്ചതിനെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണം: കെ. സുരേന്ദ്രൻ.
കോഴിക്കോട്: കേരളത്തിന് കേന്ദ്രം പ്രളയ, പ്രകൃതിദുരന്ത മുന്നറിയിപ്പ് ഈ മാസം 23ന് തന്നെ നൽകിയിരുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസ്താവനയിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേന്ദ്രത്തിന്റെ മുന്നറിയിപ്പ് സംസ്ഥാനം അവഗണിച്ചതാണ് വയനാട്ടിൽ ഇത്രയും വലിയ ദുരന്തമുണ്ടാകാൻ കാരണമെന്ന് രാജ്യസഭയിലെ അമിത്ഷായുടെ പ്രസംഗത്തോടെ വ്യക്തമായിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചു വെക്കാനാണ് കോൺഗ്രസ്, സിപിഎം അംഗങ്ങൾ പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ചതെന്നും തെളിഞ്ഞിരിക്കുകയാണ്. ഒരാഴ്ച മുമ്പ് തന്നെ എൻഡിആർഎഫ് സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചിട്ടും സംസ്ഥാന സർക്കാർ എന്തുകൊണ്ടാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് മനസിലാകുന്നില്ല. മുന്നറിയിപ്പ് ലഭിച്ചിട്ടും കേരളം എന്തു ചെയ്തുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയണം.
കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തത്തിന് സംസ്ഥാന സർക്കാർ കാരണക്കാരായിരിക്കുകയാണ്. സംസ്ഥാനം നിസംഗത പുലർത്തിയതു കൊണ്ടാവണം ജൂലൈ 24നും 25നും കേന്ദ്രം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. അതിശക്തമായ മഴ പെയ്യുമെന്ന് ജൂലൈ 26ന് വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടും സംസ്ഥാനസർക്കാർ ഉണർന്ന് പ്രവർത്തിക്കാത്തത് ഞെട്ടിക്കുന്നതാണ്. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചിട്ടും അതിന് ഏറ്റവും സാധ്യതയുള്ള മേഖലകളിൽ പോലും ഒരു നടപടിയുമുണ്ടായില്ലെന്നത് ഗുരുതരമായ കൃത്യവിലോപമാണ്. ബന്ധപ്പെട്ടവരെ മാറ്റി താമസിപ്പിക്കാനും വേണ്ട സ്ഥലങ്ങളിൽ എൻഡിആർഎഫിനെ വിനിയോഗിക്കുന്നതിലും സർക്കാർ പാരാജയപ്പെട്ടുവെന്നും സുരേന്ദ്രൻ ആരോപിച്ചു.
2016ൽ ഇന്ത്യയിൽ ആരംഭിച്ച മുൻകൂർ മുന്നറിയിപ്പ് സംവിധാനം 2023ഓടെ ഏറ്റവും ആധുനികമായ രീതി കൈവരിച്ചിരിക്കുകയാണെന്നാണ് ആഭ്യന്തരമന്ത്രി പാർലമെന്റിൽ പറഞ്ഞത്. പ്രളയം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്ത സാധ്യതകൾ ഏഴ് ദിവസം മുമ്പ് പ്രവചിക്കാൻ കെൽപ്പുള്ള നാല് രാജ്യങ്ങൾ മാത്രമേ ലോകത്തുള്ളൂ, അതിൽ ഒന്നാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
2000 കോടി രൂപയാണ് ഈ സംവിധാനത്തിന് വേണ്ടി കേന്ദ്രസർക്കാർ ചിലവഴിച്ചത്. എന്നിട്ടും വയനാട്ടിലെ നമ്മുടെ സഹോദരങ്ങളെ രക്ഷിക്കാൻ സാധിക്കാതിരുന്നത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
0 Comments