ശബരിമലയിലെ ദർശന നിയന്ത്രണം, 365 ദിവസവും നട തുറന്നിടാനുള്ള വാണിജ്യ താല്പര്യത്തോടെയുള്ള ഗൂഢ അജണ്ട: എൻ. ഹരി.
കോട്ടയം: ശബരിമല സീസണിലെ പ്രതിദിന ദർശനം 80,000മായി പരിമിതപ്പെടുത്തുന്ന സർക്കാർ നീക്കം, ആചാരവും പവിത്രതയും അട്ടിമറിച്ച് 365 ദിവസവും നട തുറന്നിടുന്നതിനുള്ള വാണിജ്യ താല്പര്യത്തോടെയുള്ള ഗൂഢ അജണ്ടയാണെന്ന് സംശയിക്കുന്നതായി ബിജെപി മധ്യമേഖല പ്രസിഡൻറ് എൻ. ഹരി ആരോപിച്ചു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഓൺലൈനിലും വെർച്ച്വൽ ക്യൂവിലും ആയി ഒരു ദിവസം 80,000 അയ്യപ്പ ഭക്തരെ മാത്രം പ്രവേശിപ്പിച്ചാൽ മതിയെന്ന് തീരുമാനിച്ചത്. ക്ഷേത്ര തീർത്ഥാടന കാലമായ മണ്ഡല, മകരവിളക്ക് കാലത്ത് നാലുലക്ഷം ഭക്തരെ വരെ ദർശനം അനുവദിച്ച കീഴ് വഴക്കം ഉണ്ട്. ദർശന പുണ്യകാലമായ ഈ സീസണിൽ ഭക്തരെ പരിമിതപ്പെടുത്തുന്നത് ഭക്തജനങ്ങളുടെ അവകാശത്തിലും ആരാധനാ സ്വാതന്ത്ര്യത്തിലുമുള്ള നിരീശ്വരവാദ ഭരണകൂടത്തിന്റെ നഗ്നമായ കൈകടത്തലാണ്. കാലി ഖജനാവ് നിറയ്ക്കാനും സഖാക്കൾക്ക് ആഘോഷിക്കാനും ശബരിമല പോലുള്ള വിശ്വാസ കേന്ദ്രങ്ങളെ ചൂഷണം ചെയ്യാനാണ് പുതിയ ദേവസ്വം മന്ത്രി വന്നശേഷം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എരുമേലിയിൽ കുറി തൊടുന്നതിന് പണ ഈടാക്കാനുള്ള ദേവസ്വം ബോർഡ് നീക്കം ശക്തമായ പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കുകയായിരുന്നു. അതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ നേരിട്ട് ശബരിമലയെ സർക്കാരിന്റെ കറവപ്പശുവാക്കാൻ അജണ്ട തയ്യാറാക്കുന്നത്.
കഴിഞ്ഞ സീസണിൽ തീർത്ഥാടക സംഖ്യ നിജപ്പെടുത്തിയത് ഭക്തരെ വലച്ചിരുന്നു. ഇരുമുടി കെട്ടുമേന്തി ദർശനത്തിനെത്തിയ പതിനായിരങ്ങളാണ് നിഷ്ഠൂരമായി തിരിച്ചയക്കപ്പെട്ടത്. അത് വീണ്ടും ആവർത്തിക്കാനാണ് പരിപാടി. അങ്ങനെ ക്ഷേത്രത്തിലെ തിരക്ക് കുറക്കാൻ എന്നും ദർശനം അനുവദിക്കുകയെന്ന രാഷ്ട്രീയ, സാമ്പത്തിക ലക്ഷ്യത്തിലേക്ക് അരങ്ങൊരുക്കാനാണ് നീക്കം. ശബരിമലയെ കളങ്കപ്പെടുത്താനും വിശ്വാസം കച്ചവടവൽക്കരിക്കാനുമുള്ള ഇടതുസർക്കാർ അജണ്ട സ്ത്രീ പ്രവേശനത്തിലൂടെ കേരളം കണ്ടതാണ്. അതിന്റെ തുടർച്ചയായാണ് എന്നും നട തുറന്ന് വരുമാനം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തിലേക്ക് നീങ്ങിയിരിക്കുന്നത്. പുതിയ ദേവസ്വം മന്ത്രിയുടെ പ്രധാന ചുമതല തന്നെ ഇതാണെന്നാണ് മനസ്സിലാക്കുന്നത്.
ശബരിമല ക്ഷേത്രം ഭക്തലക്ഷഹൃദയങ്ങളുടെ പൂങ്കാവനം ആണ്. ആ മനസ്സുകളെ വ്രണപ്പെടുത്തി ആചാരം ലംഘിച്ച് അണുവിട നീങ്ങാൻ അവർ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
0 Comments