Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല: ആചാരങ്ങള്‍ സംരക്ഷിക്കുവാനും അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും സർക്കാരും ദേവസ്വം ബോർഡും സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് അയ്യപ്പഭക്ത സംഘടനകൾ.

ശബരിമല: ആചാരങ്ങള്‍ സംരക്ഷിക്കുവാനും അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും സർക്കാരും ദേവസ്വം ബോർഡും സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് അയ്യപ്പഭക്ത സംഘടനകൾ.

പന്തളം: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുവാനും ഭക്തർക്ക് അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനും സർക്കാരും ദേവസ്വം ബോർഡും സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് അയ്യപ്പഭക്ത സംഘടനകളുടെ അടിയന്തരയോഗം ആവശ്യപ്പെട്ടു.
         പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ വിവിധ അയ്യപ്പഭക്ത സംഘടനകളുടെ ഭാരവാഹികള്‍ ഇന്നലെ പന്തളം കൊട്ടാരത്തില്‍ ചേർന്ന യോഗത്തില്‍ വച്ചാണ് ഈ ആവശ്യം മുന്നോട്ടു വച്ചത്. കഴിഞ്ഞ കുറെ വർഷങ്ങളായി ശബരിമല തീർത്ഥാടകർ അനുഭവിക്കുന്ന കൊടിയ പീഡനവും ബുദ്ധിമുട്ടുകളും കണ്ടില്ലെന്ന് നടിക്കാനാവില്ല. ശബരിമലയില്‍ കാലാനുസൃതമായ പരിഷ്കാരങ്ങള്‍ അനിവാര്യമാണ് എന്നാല്‍, അതിന്റെ പേരില്‍ ഭക്തരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും കാലാകാലങ്ങളില്‍ മാറിവരുന്ന സർക്കാരും ബോർഡും ഭക്തരെ ചൂഷണം ചെയ്യുക എന്നത് ഒഴിച്ചാല്‍ ഒരു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
          ശബരിമലയില്‍ തീർത്ഥാടന കാലത്ത് രാജ്യത്തിനകത്തും പുറത്തും നിന്നുമായി ദശലക്ഷക്കണക്കിന് ഭക്തരാണ് എത്തുന്നത്. എന്നാല്‍, കോവിഡ് മഹാമാരിയുടെ കാലത്ത് ചില നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തേണ്ടി വന്നു. അതിന്റെ മറപിടിച്ച്‌ ശബരിമലയില്‍ എത്തുന്ന തീർത്ഥാടകരെ നിയന്ത്രിക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് വെർച്വല്‍ ക്യൂ സംവിധാനം കൊണ്ടുവന്നത്. യഥാർത്ഥത്തില്‍ ഭക്തരുടെ വിവരശേഖരണം ആണ് സർക്കാർ ലക്ഷ്യമിടുന്നത്. നിരവധി ഭക്തർ ദിവസങ്ങളും മാസങ്ങളും വ്രതമെടുത്ത് കാല്‍നടയായി ശബരിമലയിലേക്ക് വരാറുണ്ട്. കാലാവസ്ഥയും മറ്റ് അസ്വസ്ഥതകളും ഗതാഗത സംവിധാനങ്ങളിലെ പ്രശ്നങ്ങളും കാരണം വെർച്വല്‍ ക്യൂ ബുക്ക് ചെയ്ത സമയത്ത് തന്നെ അവർക്ക് എത്തിപ്പെടാൻ സാധിക്കില്ല. ഇത്തരത്തിലുള്ള ഭക്തരുടെ ബുദ്ധിമുട്ടുകള്‍ കണ്ടില്ലെന്ന് നടിക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു.
         കോടിക്കണക്കിന് രൂപ സംസ്ഥാനത്തിന് വരുമാനം ലഭിക്കുന്ന ഈ കാനനക്ഷേത്രത്തിലെ തീർത്ഥാടനം സുഗമമാക്കേണ്ടത് സർക്കാരിന്റെയും അതിലേറെ ദേവസ്വം ബോർഡിന്റെയും കടമയാണ്. കഴിഞ്ഞ ഏതാനും കാലങ്ങളായി തീർത്ഥാടനം നിയന്ത്രിക്കുന്നത് പോലീസാണ്. ഭക്തർക്ക് സുരക്ഷ ഒരുക്കേണ്ട പോലീസ്, ശബരിമലയില്‍ ബോർഡിനെ നോക്കുകുത്തിയാക്കിഭ രണം നിയന്ത്രിക്കുന്ന അവസ്ഥയാണ്.
          ഒക്ടോബർ 16ന് തിരുവാഭരണ മാളികയില്‍ നാമജപ പ്രാർത്ഥനയും 26ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശബരിമലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ അയ്യപ്പഭക്ത സംഘടനകളുടെയും ക്ഷേത്ര ഭാരവാഹികളുടെയും യോഗം ചേരാനും ഒരു കർമ്മ പദ്ധതിക്ക് രൂപം നല്‍കുവാനും തീരുമാനമായി. പന്തളം കൊട്ടാരം നിർവ്വാഹക സംഘം അദ്ധ്യക്ഷൻ എൻ. ശങ്കർ വർമ്മ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആചാര സംരക്ഷണസമിതി സെക്രട്ടറി ജി. പൃഥ്വിപാല്‍ സ്വാഗതം ആശംസിച്ചു. അയ്യപ്പ സേവാസമാജം സംസ്ഥാന അദ്ധ്യക്ഷൻ അക്കീരമണ്‍ കാളിദാസ ഭട്ടതിരി യോഗം ഉദ്ഘാടനം ചെയ്തു. പന്തളം കൊട്ടാരം നിർവ്വാഹക സംഘം മുൻ സെക്രട്ടറി പി.എൻ. നാരായണ വർമ്മ വിശദീകരണം നല്‍കി. അയ്യപ്പ സേവാ സംഘം സംസ്ഥാന പ്രസിഡന്റ് നരേന്ദ്രൻ നായർ കൊട്ടാരം നിർവ്വാഹക സംഘം ട്രഷറർ ദീപാവർമ്മ, ആചാര സംരക്ഷണ സമിതി അംഗം എം.ബി. ബിനു കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement