Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഏറ്റുമാനൂർ കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നവംബറിൽ.

ഏറ്റുമാനൂർ കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നവംബറിൽ.

കോട്ടയം: ഏറ്റുമാനൂർ നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി വിഭാവനം ചെയ്ത ഏറ്റുമാനൂർ കുടിവെള്ള പദ്ധതിയുടെ നിർമ്മാണോത്ഘാടനം നവംബർ മാസം നടക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. നിർമ്മാണോദ്ഘാടനത്തിന് മുന്നോടിയായി മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഏറ്റുമാനൂരിൽ ആലോചനായോഗവും സംഘാടക സമിതി രൂപീകരണവും നടന്നു. ഏറ്റുമാനൂർ നഗസഭയിലെയും അതിരമ്പുഴ, കാണക്കാരി, മാഞ്ഞൂർ പഞ്ചായത്തുകളിലെയും കുടിവെള്ള പ്രശ്നത്തിന് ശാശ്വാത പരിഹാരമായി വിഭാവനം ചെയ്ത ഏറ്റുമാനൂർ കുടിവെള്ള പദ്ധതിയ്ക്കായി കിഫ്ബി വഴി 92.22 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. നാല് പാക്കേജുകളായാണ് പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിട്ടിരുന്നത്. ഇതിൽ 35 കിലോ മീറ്റർ പൈപ്പ് ലൈൻ സ്ഥാപിച്ച ശേഷം പദ്ധതി തടസ്സപ്പെട്ട നിലയിലായിരുന്നു. തുടർന്ന് മന്ത്രി വി.എൻ. വാസവന്റെ ഇടപെടലിലാണ് പദ്ധതിയുടെ പൂർത്തീകരണത്തിന് വഴി തെളിഞ്ഞത്.

        അവശേഷിക്കുന്ന നാലു പാക്കേജുകൾ ഒറ്റപാക്കേജാക്കി 73.8 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ടെൻണ്ടർ നടപടികൾ പൂർത്തിയായി. നവംബർ ആദ്യപകുതിയിൽ തന്നെ നിർമ്മാണോദ്ഘാടനം നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. പൂവത്തുംമൂട്ടിലെ ജലഅതോറിറ്റിയുടെ കിണറു തന്നെയാവും പദ്ധതിക്കായി ഉപയോഗിക്കുക. പൂവത്തൂംമൂട് പമ്പ് ഹൗസിന് സമീപം പുതിയ ട്രാൻസ്ഫോർമർ റൂം നിർമ്മിച്ച് ട്രാൻസ്ഫോർമർ, പമ്പ് സെറ്റ് തുടങ്ങിയവ സ്ഥാപിക്കും. നേതാജി നഗറിൽ 22 എംഎൽഡി ശേഷിയുള്ള ജലശുദ്ധീകരണശാലയും 16 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല സംഭരണിയും 20 ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതലസംഭരണിയുമാണ് നിർമ്മിക്കുന്നത്. കച്ചേരിക്കുന്നിൽ 10 ലക്ഷം ലിറ്റർ ശേഷിയുള്ളതും കട്ടച്ചിറയിൽ അരലക്ഷം ലിറ്റർ ശേഷിയുള്ളതുമായ ടാങ്കുകൾ നിർമ്മിക്കും. പ്ലാന്റ് നിർമ്മാണം ഉൾപ്പെടെ പവർ എൻഹാൻസ്മെന്റ്, ഇലക്ട്രിക്കൽ മെക്കാനിക്കൽ പ്രവൃത്തികൾ, റോഡ് പുനഃസ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികൾ ഉൾപ്പെടുത്തിയാണ് സർക്കാർ 73.8 കോടി രൂപ അനുവദിച്ചത്. ശുദ്ധീകരണശാലയിൽ നിന്ന് ടാങ്കുകളിലേക്ക് 13 കിലോമീറ്റർ നീളത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ചാണ് വെള്ളം എത്തിക്കുക. ടാങ്കുകളിൽ നിന്ന് 43 കിലോമീറ്റർ നീളത്തിലാണ് വിതരണ ശൃംഖല സ്ഥാപിക്കുക. ഏറ്റുമാനൂർ നഗരസഭയിലും ഇതിനോടു ചേർന്നു കിടക്കുന്ന അതിരമ്പുഴ, കാണക്കാരി പഞ്ചായത്തിലെ സമീപ വാർഡുകളിലും ഗാർഹിക കണക്ഷനിലൂടെ എല്ലാവർക്കും കുടിവെള്ളമെത്തിക്കും.

       പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ അയ്മനം, ആർപ്പൂക്കര, നീണ്ടൂർ, അതിരമ്പുഴ എന്നീ പഞ്ചായത്തുകളിൽ കൂടുതൽ കാര്യക്ഷമമായി ശുദ്ധജല വിതരണം നടത്താനാകും. പദ്ധതിയുടെ രണ്ടാംഘട്ട നിർമ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ആലോചനാ യോഗവും നിർമ്മാണോദ്ഘാടന പരിപാടിക്കായുള്ള സ്വാഗത സംഘരൂപീകരണവും നടന്നു. നഗരസഭ പ്രതിപക്ഷ നേതാവ് ഇ.എസ്. ബിജു ചെയർമാനായും വാട്ടർ അതോറിറ്റി എ.ഇ. ദിലീപ് ഗോപാൽ കൺവീനറായുമാണ് സ്വാഗതസംഘം രൂപീകരിച്ചിരിക്കുന്നത്. ആലോചന യോഗത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, വൈസ് പ്രസിഡൻ്റ് എ.എം. ബിന്നു, നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ്ജ്, കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ, മറ്റ് ജനപ്രതിനിധികൾ വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ രതീഷ് കുമാർ, അസിസ്റ്റന്റ് എൻജിനീയർ സൂര്യ ശശിധരൻ, സൂപ്പർവൈസർ വിനോദ്, മറ്റ് ഉദ്യോഗസ്ഥർ, ബാബു കെ. ജോർജ്ജ്, കെ.എൻ. വേണുഗോപാൽ, കെ.എൻ. രവി തുടങ്ങി വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement