സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന ചടങ്ങിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം.
കൊച്ചി: സംസ്ഥാന സ്കൂൾ കായികമേള സമാപന ചടങ്ങിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. സ്കൂൾ ചാമ്പ്യൻ പട്ടത്തിൽ രണ്ടാം സ്ഥാനത്തെ ചൊല്ലിയാണ് പ്രതിഷേധവും പോലീസുമായുള്ള ഉന്തും തള്ളിലും കലാശിച്ചത്. സമാപന സമ്മേളനം നടന്ന എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് പ്രതിഷേധം അരങ്ങേറിയത്. വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷാകർത്താക്കളും ഗ്രൗണ്ടിലും ട്രാക്കിലും കുത്തിയിരുന്ന് പ്രതിഷേധിച്ചു.
രണ്ടാം സ്ഥാനം സ്പോർട്സ് സ്കൂളായ ജി.വി. രാജാ സ്കൂളിന് നൽകിയതിലാണ് ജനറൽ വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ വന്ന മലപ്പുറം നാവാമുകുന്ദ സ്കൂളിലേയും കോതമംഗലം മാർ ബേസിൽ സ്കൂളിലെയും വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തിയത്. ചാമ്പ്യൻ പട്ടത്തിന് സാധാരണയായി ജനറൽ സ്കൂളുകളേക്കാൾ കൂടുതൽ സൗകര്യങ്ങളുള്ള സ്പോർട്സ് സ്കൂളുകളെ പരിഗണിക്കാറില്ല. എന്നാൽ, ഇത്തവണ പോയിൻ്റ് അടിസ്ഥാനത്തിൽ രണ്ടാമതെത്തിയ ജി.വി. രാജയ്ക്ക് രണ്ടാം സ്ഥാനം നൽകിയതാണ് പ്രതിഷേധത്തിന് കാരണം. പെൺകുട്ടികളെ ഉൾപ്പടെ പുരുഷ പോലീസ് മർദ്ദിക്കാൻ ശ്രമിച്ചെന്ന് ചില വിദ്യാർത്ഥികൾ പറഞ്ഞു.
'ഞങ്ങളെ പൊലീസുകാർ വലിച്ചിഴച്ചു കൊണ്ടാണ് പോയത്. ഞങ്ങടെ കഷ്ടപ്പാടിനും വിയർപ്പിനുമൊന്നും യാതൊരു വിലയുമില്ല. പൈസ ഉള്ളവനൊപ്പം ന്യായവുമുണ്ട്.. പൊലീസുമുണ്ട് എല്ലാവരുമുണ്ട് '.- വിദ്യാർത്ഥികളിൽ ഒരാൾ പറഞ്ഞു. 'ഞങ്ങൾക്ക് അർഹതപ്പെട്ടത് ഞങ്ങളല്ലേ ചോദിക്കേണ്ടത്. പുറത്ത് നിന്ന് ആരും വന്ന് ചോദിക്കില്ലാലോ.. അത് ചോദിച്ചപ്പോൾ, അത് നോക്കണ്ട കാര്യമില്ലെന്നാണ് പറഞ്ഞത്. ട്രാക്കിൽ വച്ചാണ് വിദ്യാർത്ഥിനികളായ ഞങ്ങളെ പുരുഷ പൊലീസ് ഉപദ്രവിക്കാൻ ശ്രമിച്ചത്. അധ്വാനിച്ച് നേടിയ കപ്പാണ് ചോദിച്ചത്. രാവും പകലുമില്ലാതെ കിടന്ന് അധ്വാനിച്ച കഷ്ടപ്പാടിന്റെ ഫലമാണത്. ആ കപ്പ് ചോദിക്കുമ്പോഴാണ് ഉപദ്രവം'. -മറ്റൊരു വിദ്യാർത്ഥി പറഞ്ഞു.
അതേസമയം, വിദ്യാർത്ഥികളെ മർദ്ദിച്ചില്ലെന്ന ന്യായീകരണവുമായി പൊലീസ് രംഗത്തെത്തി. എന്നാൽ, പൊലീസ് വിദ്യാർത്ഥികളുടെ കഴുത്തിൽ പിടിക്കുന്നതും പിടിച്ച് തള്ളുന്നതുമായ ദൃശ്യങ്ങൾ പുറത്തു വന്നിട്ടിട്ടുണ്ട്. മേള കലക്കാൻ കുട്ടികളെ മന:പൂർവ്വം ഇളക്കിവിട്ടെന്ന ആരോപണവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും രംഗത്തെത്തി. 'വിദ്യാർത്ഥികളുടെ പരാതിയിന്മേൽ ഉചിതമായ തീരുമാനം കെെക്കൊള്ളുമെന്ന് ഉറപ്പ് നൽകിയിരുന്നു. പക്ഷേ ആ വാക്ക് വിശ്വാസത്തിലെടുക്കാതെ മന:പൂർവ്വം മേള അലങ്കോലപ്പെടുത്തുന്നതിനായുള്ള പരിശ്രമമാണ് മാർബേസിലിലെയും നാവാമുകുന്ദയിലെയും അദ്ധ്യാപകർ നടത്തിയത്. ഇത് അംഗീകരിക്കാനാവില്ല'. – അദ്ദേഹം പറഞ്ഞു.
പ്രതിഷേധങ്ങൾ ശക്തമായതോടെ രണ്ടാം സ്ഥാനക്കാർക്ക് ലഭിച്ച ട്രോഫി തിരിച്ചു നൽകാൻ തയ്യാറാണെന്ന് ജി.വി. രാജ സ്കൂൾ അറിയിച്ചു. വേദിയിൽ സ്കൂളുകളുടെ സ്ഥാനം പ്രഖ്യാപിച്ചപ്പോൾ മാത്രമാണ് രണ്ടാം സ്ഥാനത്തെക്കുറിച്ച് അറിഞ്ഞതെന്നും പരിശീലകൻ അജിമോൻ വ്യക്തമാക്കി.
സ്കൂളുകളുടെ വിഭാഗത്തിൽ 80 പോയിന്റോടെ ഒന്നാമതെത്തിയത് കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ്. ആണ്. ഔദ്യോഗിക സൈറ്റിലെ പോയിന്റ് ടേബിളിൽ 44 പോയിന്റോടെ തിരുന്നാവായ നവാമുകുന്ദ എച്ച്.എസ്.എസും 43 പോയിന്റോടെ കോതമംഗലം മാർ ബേസിലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. എന്നാൽ, ഇവർക്കു പകരം സ്പോർട്സ് സ്കൂളായ ജി.വി. രാജയ്ക്ക് രണ്ടാം സ്ഥാനം നൽകുകയായിരുന്നു.
0 Comments