'ചായക്ക് 14, പൊറോട്ടക്ക് 15 രൂപ'; ഹോട്ടൽ ഭക്ഷണത്തിന് വിലകൂട്ടി സോഷ്യൽമീഡിയ, വിശ്വസിക്കരുതെന്ന് ഹോട്ടലുടമകൾ.
ആലപ്പുഴ: സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണത്തിന് വിലകൂടിയെന്നത് വ്യാജ പ്രചാരണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു. ചായക്ക് 14 രൂപയും കാപ്പിയ്ക്ക് 15 രൂപയും ബ്രൂ കാപ്പിയ്ക്ക് 30 രൂപയും പൊറോട്ടക്ക് 15 രൂപയുമെന്നാണ് പ്രചരിക്കുന്നത്. അസോസിയേഷന്റെ പേരും മുദ്രയും വെച്ചാണ് വിലവിവരപ്പട്ടിക പ്രചരിക്കുന്നത്. എന്നാൽ, പ്രചരിക്കുന്നത് വ്യാജപട്ടികയാണെന്നും അസോസിയേഷൻ അറിഞ്ഞിട്ടില്ലെന്നും ഭാരവാഹികൾ അറിയിച്ചു. വിലകൂട്ടലും പട്ടിക തയ്യാറാക്കലും അസോസിയേഷന്റെ ചുമതലയല്ലെന്ന് ഭാരവാഹികൾ പറഞ്ഞു.
ഭക്ഷണവില കൂട്ടിയെന്നും പറഞ്ഞ് സാമൂഹികമാധ്യമങ്ങളിൽ അധിക്ഷേപം നിറഞ്ഞതോടെയാണ് അസോസിയേഷൻ മറുപടിയുമായി രംഗത്തെത്തിയത്. വിഭവങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം അതത് ഹോട്ടലുടമകൾക്കാണെന്ന് കോടതി ഉത്തരവുള്ളതായി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സൗകര്യം, നികുതി, വാടക തുടങ്ങി വിവിധ ഘടകങ്ങൾ കണക്കിലെടുത്താണ് ഹോട്ടലുകൾ വില നിശ്ചയിക്കുന്നത്. ഇക്കാര്യത്തിൽ സംഘടന ഇടപെടാറില്ലെന്നും സംഘടനയുടെ പേരും മുദ്രയും വെച്ച് വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാൻ പാടില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷന്റെ പേര് വച്ചിറക്കിയ നോട്ടീസ് നാഥനില്ലാത്ത ഒന്നാണെന്നും ഇത്തരത്തിൽ വില ഏകീകരിക്കുന്ന പതിവ് അസോസിയേഷനില്ലെന്നും ഭാരവാഹികൾ പറയുന്നു. നിലവിൽ 50 രൂപ മുതൽ ബിരിയാണി ലഭിക്കും. അങ്ങനെ വരുമ്പോൾ വലിയ വില കൊടുത്ത് വാങ്ങിയ അരി കൊണ്ട് ബിരിയാണി ഉണ്ടാക്കി വിൽക്കുന്നവരോട് എങ്ങനെ നിശ്ചിത വില നിർദ്ദേശിക്കാൻ കഴിയുമെന്നാണ് സംഘടനയുമായി ബന്ധപ്പെട്ടവർ ചോദിക്കുന്നത്. ഇത് അംഗീകരിക്കാൻ കഴിയാത്ത പ്രവണതയാണെന്ന് കച്ചവടക്കാർ പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ വില വർദ്ധിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. ഭക്ഷ്യ വസ്തുക്കൾക്ക് എല്ലാം വില വർദ്ധിപ്പിച്ച സാഹചര്യത്തിൽ വ്യാപാരികളുടെ നെഞ്ചിൽ തീയാണ്. എന്നാൽ, ഈ രീതിയിൽ അധികാരമില്ലാതെ വില വിവരപ്പട്ടിക പ്രചരിപ്പിക്കുന്നത് തെറ്റായ പ്രവണതയാണെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.
0 Comments