Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓണ്‍ലൈന്‍ തട്ടിപ്പില്‍ വിമുക്തഭടന് 45 ലക്ഷം രൂപ നഷ്ടമായി.

ഓണ്‍ലൈന്‍ തട്ടിപ്പില്‍ വിമുക്തഭടന് 45 ലക്ഷം രൂപ നഷ്ടമായി.

പത്തനംതിട്ട: ഓണ്‍ലൈന്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെടുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ്. അവസാനമായി പത്തനംതിട്ടയിലെ വിമുക്തഭടനാണ് 45 ലക്ഷം രൂപ നഷ്ടമായത്.
        മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ കുഴിക്കാലാ സ്വദേശിയായ കെ. തോമസിന് (91) ആണ് പണം നഷ്ടമായത്. ഒറ്റയ്ക്ക് താമസിക്കുന്ന തോമസിനെ അതിവിദഗ്ധമായാണ് തട്ടിപ്പുകാര്‍ കബളിപ്പിച്ച്‌ 45 ലക്ഷം രൂപ തട്ടിയെടുത്തത്. ദിവസങ്ങള്‍ക്ക് മുന്‍പ് മുതല്‍ മുംബൈയില്‍ നിന്ന് സിബിഐ ഉദ്യോഗസ്ഥര്‍ എന്ന പേരില്‍ സൈബര്‍ തട്ടിപ്പുകാര്‍ തോമസിന്റെ ഫോണിലേക്ക് കോളുകള്‍ ചെയ്യുകയും മെസേജുകള്‍ അയക്കുകയും ചെയ്തിരുന്നു. വീഡിയോ കോളില്‍ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ യൂണിഫോം ധരിച്ച ആളുകളെ കണ്ടപ്പോള്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനായ തോമസിന് തട്ടിപ്പായി തോന്നിയില്ല. തോമസിന്റെ കൈവശം കണക്കില്‍ കൂടുതല്‍ പണം ഉള്ളതായി സംശയമുണ്ടെന്ന് പറഞ്ഞ് ഇദ്ദേഹത്തിന്റെ ബാങ്ക്, ഓഹരി നിക്ഷേപങ്ങളുടെ വിവരങ്ങള്‍ മുഴുവന്‍ തട്ടിപ്പ് സംഘം മനസിലാക്കി. തുടര്‍ന്ന് പണം പിന്‍വലിച്ച്‌ റിസര്‍വ് ബാങ്കിന്റെ പരിശോധനയ്ക്കായി അയക്കണമെന്നും പരിശോധന കഴിഞ്ഞ് മടക്കി നല്‍കുമെന്നും വിശ്വസിപ്പിച്ച്‌ 10 ലക്ഷവും 35 ലക്ഷവും വീതം രണ്ട് തവണകളായി തട്ടിപ്പുകാര്‍ നല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി. ബാങ്ക് അധികൃതര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ അമേരിക്കയിലുള്ള മകന്റെ ആവശ്യത്തിനായാണ് പണം അയക്കുന്നതെന്നാണ് കുഴിക്കാലാ ഫെഡറല്‍ ബാങ്ക് ശാഖയില്‍ അറിയിച്ചത്. ഓഹരി അക്കൗണ്ടുകളും ക്ലോസ് ചെയ്ത് റിസര്‍വ് ബാങ്കില്‍ പരിശോധനയ്ക്കായി അയക്കണമെന്ന് തട്ടിപ്പ് സംഘം ആവശ്യപ്പെട്ടതനുസരിച്ച്‌ ഓഹരി പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും സംശയം തോന്നിയ സ്ഥാപന ഉടമ പിന്‍തിരിപ്പിക്കുകയായിരുന്നുവെന്നും തോമസ് പറഞ്ഞു. വലിയ തുക പിന്‍വലിച്ചതില്‍ സംശയം തോന്നിയ ഫെഡറല്‍ ബാങ്ക് അധികൃതര്‍ തോമസിന്റെ അമേരിക്കയിലുള്ള മകനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് സമീപവാസിയും ബന്ധുവുമായ വില്‍സനെ വിളിച്ച്‌ വിവരമറിയിക്കുകയായിരുന്നു. വില്‍സണ്‍ വിവരം അന്വേഷിച്ചതോടെയാണ് തട്ടിപ്പ് വെളിപ്പെട്ടത്.

Post a Comment

0 Comments

Ad Code

Responsive Advertisement