യുഡിഎഫ് അധികാരത്തിൽ വന്നാൽ ആനുകൂല്യങ്ങളെല്ലാം തിരികെ നല്കും: വി.ഡി. സതീശൻ.
തിരു.: യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ മുഴുവൻ തിരികെ നല്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പണിമുടക്കിയ ജീവനക്കാരും അദ്ധ്യാപകരും സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുഭരണത്തിൽ കഴിഞ്ഞ 9 വർഷമായി ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ആനുകൂല്യങ്ങൾ എല്ലാം കവർന്നെടുത്തു. യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ശമ്പളം പരിഷ്കരിക്കും. സർവ്വീസ് വെയിറ്റേജാണ് ശമ്പള പരിഷ്കരണത്തിന്റെ ആത്മാവ്. സർവീസ് വെയിറ്റേജോടു കൂടിയുള്ള ശമ്പളപരിഷ്കരണം യുഡിഎഫ് നടപ്പിലാക്കും. ജീവിതനിലവാരം കുത്തനെ ഉയരുമ്പോൾ അതിന് ആനുപാതികമായി ജീവനക്കാരുടെ വേതനവർദ്ധനവ് നൽകുന്നതിനു പകരം തുടർച്ചയായ ആനുകൂല്യ നിഷേധമാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്.
ഇടതുസർക്കാർ പിന്തുടരുന്ന ഈ സമീപനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭരണപക്ഷത്തെ ഒരു സംഘടന തന്നെ പണിമുടക്ക് രംഗത്തേക്ക് വന്നിരിക്കുന്നത് സ്ഥിതിഗതികൾ എത്രത്തോളം മോശമാണെന്നത് വ്യക്തമാക്കുന്നു. സർക്കാരിന്റെ നയങ്ങളെ തള്ളി ഭരണകക്ഷിയിൽപ്പെട്ട പാർട്ടിയുടെ സർവ്വീസ് സംഘടനകൾ പണിമുടക്കിയത് സർക്കാരിനേറ്റ കനത്ത പ്രഹരമാണ്. ഇങ്ങനെ നിരന്തരമായി ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നവരെ കാലം ചില പാഠങ്ങൾ പഠിപ്പിക്കും. അതിനുള്ള സമയം സമാഗതമായിരിക്കുന്നു. സ്തുതിപാഠകർ എഴുതുന്ന കാവ്യങ്ങളിൽ അഭിരമിക്കുന്ന മുഖ്യമന്ത്രി, ജീവനക്കാർ വിലാപകാവ്യം രചിച്ചു കഴിഞ്ഞിരിക്കുകയാണെന്നത് തിരിച്ചറിയുന്നില്ല.
2025 ജനുവരിയിൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക് അടുത്ത ഗഡു ക്ഷാമബത്ത അനുവദിക്കാതിരിക്കേ 19% ക്ഷാമബത്ത കുടിശ്ശികയാണ്. അടിസ്ഥാന ശമ്പളത്തിന്റെ അഞ്ചിൽ ഒന്ന് ഓരോ മാസവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. 4 വർഷം കൊണ്ട് ലഭിക്കേണ്ട 24% ക്ഷാമബത്തയിൽ ആകെ 5% മാത്രമാണ് അനുവദിച്ചത്. അതിൽ 78 മാസത്തെ കുടിശ്ശിക ഇല്ലാതാക്കി. അൻപതിനായിരം മുതൽ 1.5 ലക്ഷം രൂപ വരെ ഈയിനത്തിൽ ജീവനക്കാരിൽ നിന്നും സർക്കാർ കൊള്ളയടിച്ചു. അഞ്ചു വർഷമായി ലീവ് സറണ്ടർ പിടിച്ചു വെച്ചിരിക്കുകയാണ്. ഈ സർക്കാരിന്റെ കാലത്ത് ലീവ് സറണ്ടർ ലഭിക്കില്ലായെന്നത്, ലീവ് സറണ്ടർ നീട്ടിവെച്ചു കൊണ്ടുള്ള ഉത്തരവുകളിലൂടെ ജീവനക്കാർക്ക് ബോധ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന് 2016ലെയും 2021ലെയും നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ പ്രകടനപത്രികയിലൂടെ വാഗ്ദാനം നൽകിയെങ്കിലും അത് പാലിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. പങ്കാളിത്ത പെൻഷന്റെ വിഹിതം കേന്ദ്രത്തിൽ 14% നൽകിയിട്ടും കേരളത്തിൽ അത് 10% ആയി തന്നെ തുടരുന്നു. കേന്ദ്രത്തിൽ ഡിസിആർജിഎ അനുവദിച്ചപ്പോൾ, കേരളത്തിൽ അത് നിഷേധിച്ചു. കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണി അധികാരത്തിലെത്തിയ സംസ്ഥാനങ്ങളിലെല്ലാം പദ്ധതി പിൻവലിച്ചു.
നിലവിലുണ്ടായിരുന്ന ഹെൽത്ത് ഇൻഷുറൻസ് പദ്ധതി ഉപേക്ഷിച്ചാണ് ജീവനക്കാർ സർക്കാരിന്റെ ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയായ മെഡിസപ്പിൽ അംഗമായത്. എന്നാൽ, ഈ പദ്ധതിയിൽ അംഗമായതിന്റെ പേരിൽ ആശുപത്രികളിൽ നിന്നും യാതൊരു പരിരക്ഷയും ജീവനക്കാർക്ക് ലഭിച്ചിട്ടില്ലെന്നു മാത്രമല്ല തികഞ്ഞ പരിഹാസവും അവഹേളനവും നേരിടേണ്ടി വന്നു എന്നതാണ് യാഥാർത്ഥ്യം. വളരെ മികച്ച ശമ്പളപരിഷ്കരണമെന്ന് തെറ്റിദ്ധരിപ്പിച്ച് നടപ്പിലാക്കിയ പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ അരിയർ തുക നാളിതുവരെ ജീവനക്കാർക്ക് നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. അന്ന് കുടിശ്ശികയായിരുന്ന 16% ക്ഷാമബത്ത പിഎഫിൽ ലയിപ്പിച്ചതായി ഉത്തരവിറക്കിയെങ്കിലും ലോക്കിൽ പീരിയഡ് കഴിഞ്ഞിട്ടും അത് പിൻവലിക്കാൻ സാധിച്ചിട്ടില്ല. അന്ന് വരെ നല്കിയിരുന്ന ആനുകൂല്യങ്ങളായ ഭവന വായ്പാ പദ്ധതി, സിസിഎ, ഫിറ്റ്മെന്റ് ബെനിഫിറ്റ്, സർവീസ് വെയിറ്റേജ് തുടങ്ങിയുള്ളവ കവർന്നെടുത്തു. സർവീസിൽ ഇരുന്നു മരണപ്പെട്ടാൽ ആശ്രിതർക്ക് താങ്ങും തണലുമായി സർക്കാർ ഉണ്ടാകുമെന്ന ഓരോ ജീവനക്കാരന്റേയും പ്രതീക്ഷയിൽ കരിനിഴൽ വീഴ്ത്തി ആശ്രിത നിയമനത്തിലും ഈ സർക്കാർ കൈവെച്ചു. മരണപ്പെട്ട ജീവനക്കാരന്റെ ആശ്രിതരെ ചേർത്ത് നിർത്തുന്നതിനു പകരം സമാശ്വാസധനം എന്ന പേരിൽ തുച്ഛമായ തുക നൽകി അവരുടെ വൈകാരികതയെ പോലും വെല്ലുവിളിക്കുകയാണ്. ഇൻഷുറൻസ് പരിരക്ഷ എന്ന വ്യാജ പേര് ചാർത്തി ജീവനക്കാരുടെ ശബളത്തിന്റെ കൂടുതൽ തുക കവർന്നെടുക്കാൻ ജീവാനന്ദം പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ചുരുക്കത്തിൽ എട്ടര വർഷത്തെ ഭരണം സർക്കാർ ജീവനക്കാരെ സാമ്പത്തികമായും മാനസികമായും അങ്ങേയറ്റം ദുരിത പൂർണ്ണമാക്കിയിരിക്കുകയാണ്. ഈ സർക്കാരിന്റെ ജീവനക്കാരോടുള്ള കടുത്ത അവഗണനകൾ അനസ്യൂതം തുടരുമ്പോൾ, ഇത്തരം നീതിനിഷേധങ്ങൾ അവസാനിപ്പിച്ച് സർക്കാരിന്റെ കണ്ണുതുറപ്പിക്കാനായി നടന്ന പണിമുടക്ക് ജീവനക്കാർ അവസരോചിതമായി ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
60 ശതമാനത്തിലധികം പേർ പണിമുടക്കിൽ പങ്കെടുത്തതായി സെറ്റോ ചെയർമാൻ ചവറ ജയകുമാർ അറിയിച്ചു. ഡയസ്നോൺ സ്ഥലംമാറ്റ ഭീഷണി എല്ലാം തള്ളിക്കളഞ്ഞു കൊണ്ടാണ് ജീവനക്കാർ പണിമുടക്കിയത്.
സെറ്റോ ചെയർമാൻ ചവറ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജി. സുബോധൻ, കെ.സി. സുബ്രഹ്മണ്യൻ, എ.എം. ജാഫർ ഖാൻ, വട്ടപ്പാറ അനിൽ, എം.എസ്. ഇർഷാദ്, ആർ. അരുൺ കുമാർ, എൻ. മഹേഷ്, സുഭാഷ് ചന്ദ്രൻ, സന്തോഷ്, വി.എസ്., രാജീവ്, മേരി പുഷ്പം, പുരുഷോത്തമൻ, എ.പി. സുനിൽ, ബി. പ്രദീപ് കുമാർ, അനസ് എന്നിവർ സംസാരിച്ചു.
0 Comments