Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നഗരസഭയുടെ അംഗീകാരമുള്ളവര്‍ മാത്രം തെരുവുകച്ചവടം നടത്തിയാല്‍ മതിയെന്ന് ഹൈക്കോടതി.

നഗരസഭയുടെ അംഗീകാരമുള്ളവര്‍ മാത്രം തെരുവുകച്ചവടം നടത്തിയാല്‍ മതിയെന്ന് ഹൈക്കോടതി.


കൊച്ചി: നിയമാനുസൃതമായ അംഗീകാരമുള്ളവര്‍ക്ക് മാത്രമേ കൊച്ചി നഗരസഭാ പരിധിയില്‍ തെരുവുകച്ചവടം നടത്താനാവൂയെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നഗരസഭ തയ്യാറാക്കിയ തെരുവുകച്ചവടക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ട, നിയമപരമായ തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമേ ഇനി മുതല്‍ കച്ചവടം ചെയ്യാനാവൂയെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരുടെ ഉത്തരവിൽ പറയുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന തെരുവു കച്ചവടക്കാര്‍ക്കെതിരെ നഗരസഭയും റെസിഡന്റ്‌സ് അസോസിയേഷനുകളും ആരംഭിച്ച നടപടികളെ ചോദ്യം ചെയ്ത് തെരുവു വ്യാപാരികളും സംഘടനകളും നല്‍കിയ ഹരജിയിലാണ് ഉത്തരവ്.  തെരുവുകച്ചവടം നടത്താനുള്ള നഗരസഭയുടെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും നഗരസഭയുടെ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ കാര്‍ഡുകളുമുള്ളവര്‍ക്കും മാത്രമേ കച്ചവടം ചെയ്യാനാവൂയെന്ന് ഉത്തരവ് പറയുന്നു. തെരുവുകച്ചവടം ചെയ്യാന്‍ അനുമതി തേടി ലഭിക്കുന്ന അപേക്ഷകള്‍ 2014ലെ സ്ട്രീറ്റ് വെന്‍ഡേഴ്‌സ് ആക്ട് പ്രകാരം നഗരസഭ പരിശോധിച്ച് നടപടി സ്വീകരിക്കണം. നഗരസഭ ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതു വരെ കോടതി മുമ്പ് രൂപീകരിച്ച ജനജാഗ്രത സമിതിയും നിരീക്ഷണസമിതിയും പ്രവര്‍ത്തിക്കണം. ആറു മാസമായിരിക്കണം ഈ സമിതികളുടെ കാലാവധി. നിലവില്‍ തെരുവുവ്യാപാരം നടത്താന്‍ അനുമതിയില്ലാത്ത പ്രദേശത്ത് കച്ചവടം നടത്തുന്നവരെ മൂന്നു മാസത്തിനുള്ളില്‍ മറ്റു പ്രദേശങ്ങളിലേക്ക് മാറ്റണമെന്നും ഉത്തരവ് പറയുന്നു. തെരുവു കച്ചവടക്കാരുടെ പട്ടിക തയ്യാറാക്കാന്‍ നേരത്തെ കോടതി നഗരസഭയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ആര്‍ക്കെങ്കിലും പട്ടികയില്‍ ഉള്‍പ്പെടണമെങ്കില്‍ അപേക്ഷ സ്വീകരിക്കാനും നിര്‍ദ്ദേശിച്ചു. തെരുവുകച്ചവടം അനുവദിക്കാന്‍ പാടില്ലാത്ത പ്രദേശങ്ങള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് യോഗ്യരായ കച്ചവടക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും നല്‍കാനും കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.


Post a Comment

0 Comments

Ad Code

Responsive Advertisement