Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്ആർടിസിയിലെ ഇന്നത്തെ സമരം പൊളിഞ്ഞു പാളീസായെന്ന് മന്ത്രി.

കെഎസ്ആർടിസിയിലെ ഇന്നത്തെ സമരം പൊളിഞ്ഞു പാളീസായെന്ന് മന്ത്രി.

തിരു.: കെഎസ്ആർടിസിയിൽ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് സംഘടിപ്പിച്ച പണിമുടക്ക് സമരത്തിനെതിരെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇന്നത്തെ സമരം പൊളിഞ്ഞു പാളീസായെന്നും ജീവനക്കാർ തന്നെ എത്ര സ്നേഹിക്കുന്നു എന്നതിൻ്റെ തെളിവാണിതെന്നും ഗണേഷ് കുമാർ പറഞ്ഞു. പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ കേസ് എടുക്കുമെന്നും ഇന്ന് ജോലിക്കെത്തിയ മുഴുവൻ ജീവനക്കാരോടും മന്ത്രി എന്ന നിലയിൽ നന്ദി അറിയിക്കുന്നുവെന്നും കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.

        ശമ്പളം ഒന്നാം തീയതി തരുമെന്ന് പറഞ്ഞിട്ടും സമരം നടത്തുന്നത് ശരിയല്ല. പ്രാകൃത സമരം ഇനി വേണ്ട എന്ന സന്ദേശമാണ് സമരത്തിൻ്റെ തോൽവിയിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. ബസിന് കേടുപാട് വരുത്തിയതിന് സമരത്തിന് ആഹ്വാനം ചെയ്തവർ നഷ്ടപരിഹാരം തരേണ്ടി വരും. അതിന് നിയമനടപടിയും തുടങ്ങിയിട്ടുണ്ട്. കെഎസ്ആർടിസി നിലനിൽക്കേണ്ടത് കേരളത്തിൻ്റെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ശമ്പളം ഒരുമിച്ച് നൽകാമെന്ന് പറഞ്ഞതിനു ശേഷം കൃത്യമായി കൊടുത്തിട്ടുണ്ട്. ഒന്നാം തീയതി ശമ്പളം തരാമെന്ന് പറഞ്ഞതാണ്, ശ്വാസം എടുക്കാൻ സമയം തരണം. അതിന് മുൻപ് സമരവുമായി വരരുത്. സാധാരണയിലും കൂടുതലാണ് ഇന്നത്തെ സ്ത്രീ ജീവനക്കാരുടെ ഹാജർ. കെഎസ്ആ‌‍‍ർടിസിയെ തകർക്കാനുള്ള ശ്രമം ജനങ്ങളും വലിയ വിഭാ​ഗം ജീവനക്കാരും ഒരുമിച്ച് നിന്ന് പരാജയപ്പെടുത്തിയെന്നും ​ഗണേഷ് കുമാർ പറഞ്ഞു.

         ഇന്നലെ അർദ്ധരാത്രി മുതലാണ് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചത്. ഇന്ന് അർദ്ധരാത്രി വരെയാണ് പണിമുടക്ക്. സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നു. പണിമുടക്കിൻ്റെ ഭാഗമായി ടിഡിഎഫ് പ്രവർത്തകർ ചിലയിടങ്ങളിൽ ബസുകൾ തടഞ്ഞിരുന്നു. തിരുവനന്തപുരം പാപ്പനംകോട്, പാലക്കാട്‌ ഡിപ്പോകളിൽ പ്രവർത്തകർ ബസ് തടഞ്ഞു. പെരുമ്പാവൂരിലാണ് ഏറ്റവും കൂടുതൽ സർവീസുകൾ തടസ്സപ്പെട്ടത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലും ചില സർവീസുകൾ തടസ്സപ്പെട്ടു. വടക്കൻ ജില്ലകളിൽ കാര്യമായ സർവീസ് തടസ്സമുണ്ടായില്ല. താത്ക്കാലിക ജീവനക്കാരെയും ടിഡിഎഫ് ഇതര യൂണിയനിൽപ്പെട്ട ജീവനക്കാരേയും ഉപയോഗിച്ചാണ് കൂടുതൽ സർവീസുകൾ നടത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement