
ശബരിമല: സന്നിധാനത്ത് പതിനെട്ടാംപടി കയറിയാലുടൻ അയ്യപ്പനെ കാണാനുള്ള സംവിധാനം നടപ്പാക്കുന്നു. മീനമാസപൂജയ്ക്ക് നടതുറക്കുന്ന മാർച്ച് 14ന് ഇത് നിലവിൽവരും. പടികയറി ഇടത്തേക്കു തിരിഞ്ഞ് ഫ്ലൈ ഓവറിൽ ക്യൂ നിന്ന് സോപാനത്തെത്തുന്ന സംവിധാനമാണ് ഒഴിവാക്കുന്നത്. കൊടിമരത്തിന്റെ ഇരുവശത്തും കൂടി അയ്യപ്പന്മാരെ കടത്തിവിട്ട് ബലിക്കൽപ്പുര വഴി മുന്നോട്ടു പോകാവുന്ന രീതിയാണ് നടപ്പാക്കുന്നത്. ചുരുങ്ങിയത് 30 സെക്കൻഡോളം അയ്യപ്പനെ വണങ്ങാം. ഫ്ലൈ ഓവർ വഴി സോപാനത്ത് എത്തുമ്പോൾ രണ്ടോ മൂന്നോ സെക്കൻഡ് മാത്രം ദർശനംകിട്ടുന്ന രീതി മാറും. പോലീസുകാർ അതിവേഗം പിടിച്ചുമാറ്റിവിടുന്നതും ഒഴിവാകും. രണ്ടു വരികളെയും വേർതിരിക്കാൻ നീളത്തിൽ കാണിക്കവഞ്ചി സ്ഥാപിക്കും. ഇടതുഭാഗത്തു കൂടി വരുന്നവർ അല്പം ഉയർന്ന പ്ലാറ്റ്ഫോമിലേക്കാണെത്തുന്നത്. ഇടത്തേക്കു തിരിയുമ്പോൾ അയ്യപ്പദർശനം കഴിയും. വലതുവരിയിലൂടെ വരുന്നവർ തറനിരപ്പിൽത്തന്നെയുള്ള ഭാഗത്ത് എത്തി ഇടത്തേക്ക് തിരിഞ്ഞുപോകും. രണ്ടു വരികളിലുമുള്ളവർ തമ്മിൽ കൂടിക്കലർന്ന് തിരക്കുണ്ടാവുകയുമില്ല. വടക്കേനടവഴി വരുന്നവരും വലതുവരിയിലൂടെ വരുന്നവരുമായി ചേർന്നായിരിക്കും നട പിന്നിടുക.
ക്ഷേത്രത്തിന്റെ താന്ത്രിക ഘടനയിലോ കണക്കുകളിലോ മാറ്റമില്ലാത്തിനാൽ തന്ത്രിയുടെ അനുജ്ഞ പുതിയ സംവിധാനത്തിനുണ്ട്. നിലവിൽ ശ്രീകോവിലിനു മുന്നിലൂടെ മൂന്നു വരിയായാണ് ഭക്തരെ കടത്തി വിടുന്നത്. നടയിലെ തിക്കും തിരക്കും പരാതികൾക്കിടയാക്കിയിരുന്നു. പുതിയ സംവിധാനത്തിന് ഹൈക്കോടതിയുടെ അനുമതി വാങ്ങിയിട്ടുണ്ട്. ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ, ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം അഡ്വ. അജികുമാർ, കമ്മീഷണർ സി.വി. പ്രകാശ്, എക്സിക്യൂട്ടീവ് എൻജിനീയർ രഞ്ജിത്ത് ശേഖർ, എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവരും ദേവസ്വം എൻജിനീയർമാരും ചേർന്ന് പുതിയ സംവിധാനത്തിന്റെ അന്തിമവിശകലനം നടത്തി. 17നുശേഷം പണിതുടങ്ങും.
അതേസമയം, 1989ൽ പണിത ഫ്ലൈ ഓവർ നിലനിർത്തും. മരക്കൂട്ടം വരെ ക്യൂ നീളുന്ന സാഹചര്യമോ മറ്റ് അടിയന്തരഘട്ടമോ വന്നാൽ ഇതിൽ അയ്യപ്പന്മാരെ കയറ്റും. ഫ്ലൈ ഓവർ വരുന്നതിനു മുൻപ് ബലിക്കൽപ്പുരയിലൂടെയായിരുന്നു കടത്തിവിട്ടിരുന്നത്.
0 Comments