Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പെരുമ്പളം ദ്വീപിന്റെ സ്വപ്നം സഫലമാകുന്നു: പാലം ഉദ്ഘാടനം ഏപ്രിലിൽ.

പെരുമ്പളം ദ്വീപിന്റെ സ്വപ്നം സഫലമാകുന്നു: പാലം ഉദ്ഘാടനം ഏപ്രിലിൽ.

ആലപ്പുഴ: പെരുമ്പളം ദ്വീപിലെ തലമുറകളുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നു. പെരുമ്പളം പാലം  അന്തിമഘട്ട പ്രവൃത്തികൾ പൂർത്തിയാക്കി ഏപ്രിലോടെ പാലം തുറന്നു കൊടുക്കാനുള്ള ഒരുക്കങ്ങള്‍  പുരോഗമിക്കുകയാണ്. കായലിന് കുറുകെ നിർമ്മിക്കുന്ന സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ പെരുമ്പളം പാലം ഗതാഗത സജ്ജമാകുന്നതോടെ നാലു വശവും വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട ദ്വീപ് നിവാസികളുടെയും മറ്റ് ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവരുടെയും വർഷങ്ങളായുള്ള യാത്രാദുരിതത്തിന് പരിഹാരമാകുന്നത്.

     രണ്ടു കിലോമീറ്റർ വീതിയും അഞ്ചു കിലോമീറ്റർ നീളവും ആറ് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുമുള്ള ദ്വീപിലെ ജനസംഖ്യ 12,000 മാണ്. 3000ത്തില്‍ താഴെ വീടുകള്‍ മാത്രമുള്ള ദ്വീപിലേക്ക് കിഫ്‌ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമ്മിക്കുന്നത്. പാലം നിര്‍മ്മാണത്തിന് വേണ്ടിവരുന്ന ഭീമമായ തുകയേക്കാള്‍ ദ്വീപ് ജനത മറുകരയിലെത്താൻ വർഷങ്ങളായി അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്ക് മുൻതൂക്കം നൽകി സംസ്ഥാന സര്‍ക്കാര്‍ കരുതലോടെയുള്ള സമീപനം സ്വീകരിക്കുകയും 2019ല്‍ മുഖ്യമന്ത്രി നേരിട്ടെത്തി പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയുമായിരുന്നു. നിര്‍മ്മാണത്തിന്റെ 85 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു. കരയിലെ രണ്ട് തൂണുകള്‍ അടക്കം 34 തൂണുകളിലാണ് പാലം നിലയുറപ്പിക്കുന്നത്. 1157 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലത്തിൽ രണ്ടുവരി ഗതാഗതത്തിന് യോഗ്യമായ 7.5 മീറ്റര്‍ വീതിയുള്ള പാതയും ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതമുള്ള നടപ്പാതയുമുണ്ട്. ദേശീയ ജലപാത കടന്നുപോകുന്ന ഭാഗമായതിനാല്‍ ബാർജ്, വലിയ യാനങ്ങൾ എന്നിവ തടസ്സമില്ലാതെ കടന്നുപോകുന്നതിന് നടുവില്‍ ബോസ്ട്രിങ് ആര്‍ച്ച് മാതൃകയിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്.

      പാലത്തിന്റെ സ്ട്രക്ചർ ജോലികളെല്ലാം പൂർത്തിയാക്കി വടുതല ജെട്ടി ഭാഗത്തെ സമീപ റോഡിനുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നിലവില്‍ നടക്കുന്നത്. ഉടൻതന്നെ പെരുമ്പളം ഭാഗത്തെ സമീപനറോഡിന്റെ നിർമ്മാണ പ്രവൃത്തികളും ആരംഭിക്കും. വടുതല ഭാഗത്തും പെരുമ്പളം ഭാഗത്തും 300 മീറ്റര്‍ നീളത്തിലാണ് സമീപന റോഡുകൾ നിര്‍മ്മിക്കുന്നത്. ചേര്‍ത്തല - അരൂക്കുറ്റി റോഡില്‍ നിന്നും പെരുമ്പളം ദ്വീപ് വഴി വൈക്കം - പൂത്തോട്ട - തൃപ്പൂണിത്തുറ സംസ്ഥാന പാതയെ ബന്ധിപ്പിക്കുന്നതിൻ്റെ ആദ്യഘട്ടമെന്ന നിലയിലാണ് പെരുമ്പളം പാലം വിഭാവനം ചെയ്തിരിക്കുന്നത്. പാലം പൂർത്തീകരിക്കുന്നതോടെ ദ്വീപിൽ നിന്ന് ഹ്രസ്വ, ദീർഘദൂര ബസ് സർവീസുകൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചതായി ദലീമ ജോജോ എംഎൽഎ പറഞ്ഞു. പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി. ആശ, ജില്ലാ പഞ്ചായത്തംഗം ബിനിത പ്രമോദ്, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement