പുതുപ്പള്ളി വലിയപള്ളി പെരുന്നാൾ; പ്രധാന പെരുന്നാൾ 5, 6, 7 തീയതികളിൽ. കോട്ടയം: പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ വിശുദ്ധ ഗീവറുഗീസ് സഹദായുടെ രക്തസാക്ഷിദിനമായ ഏപ്രിൽ 23 മുതൽ മെയ് 23 വരെ സഹദാ സാന്നിദ്ധ്യാനുസ്‌മരണ ദിനങ്ങളായി ആചരിക്കും. ഏപ്രിൽ 28ന് ആണ് കൊടിയേറ്റ്.
രണ്ട് കൊടിമരങ്ങൾ പുതുപ്പള്ളി പെരുന്നാളിന്റെ സവിശേഷതയാണ്.
വൈകുന്നേരം 5 മണിക്ക് വികാരി റവ. ഫാ.ഡോ. വർഗീസ് വർഗീസ് കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. പെരുന്നാളിനോട് അനുബന്ധിച്ചുള്ള പുതുപ്പള്ളി കൺവൻഷൻ മെയ് 1, 2, 3 തീയതികളിൽ നടക്കും. വൈകുന്നേരം സന്ധ്യാനമസ്‌കാരത്തിനു ശേഷം കൺവൻഷൻ ആരംഭിക്കും. റവ. മത്തായി ഇടയനാൽ കോർ എപ്പീസ്കോപ്പ, റവ. ജോസഫ് കറുകയിൽ കോർ എപ്പിസ്കോപ്പ, ഫാ. ജോജി കെ. ജോയി അടൂർ എന്നിവർ വചന സന്ദേശം നൽകും.
മെയ് 1ന് 9 മണിക്ക് വെച്ചൂട്ടു നേർച്ച സദ്യയ്ക്ക് ആവശ്യമായ അച്ചാറിന് മാങ്ങാ അരിയൽ ചടങ്ങ് നിർവ്വഹിക്കും.
മെയ് 4ന് കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന. 11 മണിക്ക് പെരുന്നാളിനോടു അനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം. ഡോ. യുഹാനോൻ മാർ ദിയസ്കോറസ് അദ്ധ്യക്ഷത വഹിക്കും. മഹാരാഷ്ട്ര ഗവർണ്ണർ സി.പി. രാധാകൃഷ്‌ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സഹകരണ രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ മുഖ്യ സന്ദേശം നൽകും. പെരുന്നാളിനോട് അനുബന്ധിച്ച് പുതുപ്പള്ളി പള്ളി നൽകിവരുന്ന 'ഓർഡർ ഓഫ് സെന്റ് ജോർജ് അവാർഡ്' മലങ്കര സഭയുടെ വലിയ മെത്രാപ്പോലീത്ത കുറിയാക്കോസ് മാർ ക്ലിമീസ് തിരുമേനിക്ക് ഗവർണ്ണർ നൽകും. സമ്മേളനത്തിൽ ഫ്രാൻസിസ് ജോർജ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ചാണ്ടി ഉമ്മൻ എംഎൽഎ, വൈദിക ട്രസ്റ്റി ഫാ. തോമസ് വർഗീസ് അമയിൽ എന്നിവർ സംസാരിക്കും.
4-ാം തീയതി ഉച്ചകഴിഞ്ഞ് 2.30ന് വെച്ചൂട്ടിനുള്ള ചമ്മന്തിപ്പൊടി തയ്യാറാക്കും. മെയ് 5, 6, 7 തീയതികൾ ആണ് പ്രധാന പെരുന്നാൾ ദിനങ്ങൾ. 5-ാം തീയതി തീർത്ഥാടന സംഗമം. വൈകുന്നേരം കൊച്ചാലുംമൂട് ഓർത്തഡോക്‌സ് സെൻ്റർ, കൈമറ്റം ചാപ്പൽ, പാറക്കൽക്കടവ്, കാഞ്ഞിരത്തിൻമൂട്, വെട്ടത്തുകവല, കൊച്ചക്കാല എന്നീ കുരിശടികളിൽ സന്ധ്യനമസ്കാരത്തിനു ശേഷം പള്ളിയിലേക്ക് പ്രദക്ഷിണം. വൈകിട്ട് 7ന് വി. ഗീവർഗീസ് സഹദാ അനുസ്‌മരണ പ്രഭാഷണം വൈദിക ട്രസ്റ്റി ഫാ. തോമസ് വർഗീസ് അമയിൽ നിർവ്വഹിക്കും.
മെയ് 6 ന് ഡോ. ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനയ്ക്കു ശേഷം പതിനൊന്നു മണിയോടു കൂടി പൊന്നിൻ കുരിശ് വിശുദ്ധ മദ്ബഹായിൽ സ്ഥാപിക്കും. ഉച്ചകഴിഞ്ഞ് 2 മണിക്കാണ് വിറകിടീൽ ഘോഷയാത്ര. 4.30ന് പന്തിരുനാഴി ആഘോഷപൂർവ്വം പുറത്തെടുക്കും. 5.30ന് മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ കാതാലിക്കാ ബാവായുടെ പ്രധാന കാർമ്മികത്വത്തിലും അഭി. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിലും സന്ധ്യ നമസ്കാരം. തുടർന്ന് നിലക്കൽ പള്ളി, പുതുപ്പള്ളി കവല ചുറ്റിയുള്ള പ്രദക്ഷിണം.
വലിയ പെരുന്നാൾ ദിനമായ മെയ് 7ന് വെളുപ്പിന് 1 മണിക്കാണ് വെച്ചൂട്ട് നേർച്ച സദ്യക്കുള്ള അരിയിടൽ കർമ്മം, രാവിലെ 5 മണിക്കും 8 മണിക്കും രണ്ട് വിശുദ്ധ കുർബ്ബാന ഉണ്ടാകും. 7.30ന് ആരംഭിക്കുന്ന രണ്ടാമത്തെ വിശുദ്ധ ഒമ്പതിന്മേൽ കുർബ്ബാനയ്ക്ക് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. തുർന്നാണ് വെച്ചൂട്ടു നേർച്ച സദ്യയും കുട്ടികൾക്കുള്ള ആദ്യ ചോറുട്ടും. പെരുന്നാളിന് എത്തുന്ന ഭക്തജനങ്ങൾക്ക് ഭക്ഷണം വിളമ്പുന്ന വിശിഷ്‌ടകർമ്മമാണ് വെച്ചൂട്ട്. കുട്ടികൾക്ക് ആദ്യമായി ചോറ് കൊടുക്കാൻ അനേകം മാതാപിതാക്കൾ ഈ ദിവസം പള്ളിയിലെത്താറുണ്ട്. കുട്ടികൾ ഇല്ലാതിരുന്ന ദമ്പതികൾ പ്രാർത്ഥനയിലൂടെ തങ്ങൾക്ക് ലഭ്യമായ കുട്ടികളെ ഈ ചടങ്ങിൽ പങ്കെടുപ്പിക്കുന്നു. ഉച്ചയ്ക്കു ശേഷം 2 മണിക്കാണ് ഇരവിനല്ലൂർ കവല ചുറ്റിയുള്ള പ്രദക്ഷിണം ചരിത്രപ്രസിദ്ധമായ പൊന്നിൻ കുരിശും അകമ്പടിയായി അനേക വെള്ളിക്കുരിശും ആയിരക്കണക്കിന് മുത്തുക്കുടകളും വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്രദക്ഷിണങ്ങളിൽ ഒന്നാണ്. 4 മണിക്ക് അപ്പവും പാകപ്പെടുത്തിയ കോഴിയിറച്ചിയും നേർച്ചയായി ഭക്തർക്ക് നൽകും. അതോടെ പ്രധാന പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.
മെയ് 23-ാം തീയതി കൊടിയിറങ്ങുന്നതു വരെ പള്ളിയിൽ ഗീവറുഗീസ് സഹദായുടെ സാന്നിധ്യാനുസ്മരണ ദിനങ്ങളായി ആചരിക്കും. ഈ ദിവസങ്ങളിൽ വിശുദ്ധ കുർബാനയും പ്രത്യേകം മധ്യസ്ഥപ്രാർത്ഥനയും ഉണ്ടായിരിക്കും.
വികാരി ഫാ. ഡോ. വർഗീസ് വർഗീസ് കല്ലൂർ, സഹവികാരിമാരായ ഫാ. കുര്യാക്കോസ് ഈപ്പൻ ഊളയ്ക്കൽ, ഫാ. ബ്ലസൻ മാത്യു ജോസഫ് വാഴക്കാലായിൽ, ഫാ. വർഗീസ് പി. വർഗീസ് ആനിവയലിൽ, ട്രസ്റ്റിമാരായ പി.എം. ചാക്കോ പാലാക്കുന്നേൽ, ജോണി ഈപ്പൻ നെല്ലിശ്ശേരിൽ, സെക്രട്ടറി മോനു പി. ജോസഫ് പ്ലാപ്പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകും.
0 Comments