കൊച്ചുവേളി- മംഗലാപുരം സ്പെഷ്യൽ സർവീസ് മെയ് 5 മുതൽ. തിരു.: മലബാറിലേയ്ക്കുള്ള യാത്രാക്ലേശത്തിന് താത്കാലിക പരിഹാരമായി ജൂൺ 9 വരെ തിങ്കളാഴ്ചകളിൽ കൊച്ചുവേളിയിൽ നിന്ന് മംഗലാപുരത്തേയ്ക്ക് സ്പെഷ്യൽ സർവീസ്. കൊച്ചുവേളിയിൽ നിന്ന് മെയ് 5 മുതൽ ജൂൺ 9 വരെ എല്ലാ തിങ്കളാഴ്ചകളിലുമായിരിക്കും മംഗലാപുരത്തേയ്ക്ക് ജനറൽ കോച്ചുകൾ മാത്രമുള്ള സ്പെഷ്യൽ സർവീസ്. കോട്ടയം വഴിയുള്ള ഈ സർവീസിന് മുൻകൂട്ടി ബുക്കിംഗ് ആവശ്യമില്ലാത്തതു കൊണ്ടു തന്നെ ഈ സർവീസ് സാധാരണ യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകും.
മെയ് 6 മുതൽ ജൂൺ 10 വരെ എല്ലാ ചൊവ്വാഴ്ചയും മംഗലാപുരത്ത് നിന്ന് കൊച്ചുവേളിയിലേയ്ക്കും സ്പെഷ്യൽ സർവീസ് ഉണ്ടായിരിക്കും. വേനലവധി പ്രമാണിച്ച് മലബാർ ഭാഗത്തേയ്ക്കും തിരിച്ചും കോട്ടയം വഴിയുള്ള എല്ലാ സർവീസുകളും വളരെ നേരത്തെ തന്നെ ബുക്കിംഗ് പൂർത്തിയാക്കിയിരുന്നു. മലബാർ, മംഗലാപുരം എക്സ്പ്രസ്സ് ട്രെയിനുകളിലെ ജനറൽ കോച്ചുകളിൽ അതികഠിനമായ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. മൂന്നോ നാലോ ജനറൽ കോച്ചുകൾ മാത്രമുള്ള ട്രെയിനുകളിൽ വിദ്യാർത്ഥികളും പ്രായമായവരും തിങ്ങിഞെരുങ്ങി യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യം റെയിൽവേ ഉപദേശക സമിതി അംഗമായ കൊടുക്കുന്നിൽ സുരേഷ് എംപിയെ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ഭാരവാഹികളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ ധരിപ്പിച്ചിരുന്നു. ജനറൽ മാനേജരുമായി എംപി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് സ്പെഷ്യൽ സർവീസ് പ്രഖ്യാപിച്ചത്.
കോട്ടയം വഴിയുള്ള തീവണ്ടി യാത്രക്കാരുടെ തിരക്കുകൾക്ക് ശാശ്വത പരിഹരമാകാൻ സർവീസ് സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് മെയ് 14ന് ഡിവിഷൻ ആസ്ഥാനത്ത് നടക്കുന്ന മീറ്റിംഗിൽ ആവശ്യപ്പെടുമെന്നും എംപി അറിയിച്ചു.
മെയ് 05, 12, 19, 26 ജൂൺ 02, 09 എന്നീ തിങ്കളാഴ്ച ദിവസങ്ങളിൽ കൊച്ചുവേളിയിൽ നിന്ന് വൈകുന്നേരം 05.30ന് പുറപ്പെട്ട് മംഗലാപുരത്ത് ചൊവ്വാഴ്ച പുലർച്ചെ 06.50ന് എത്തിച്ചേരുന്ന വിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. തിരിച്ച് മെയ് 06, 13, 20, 27 ജൂൺ 3, 10 എന്നീ ചൊവ്വാഴ്ചകളിൽ മംഗലാപുരത്തു നിന്ന് വൈകുന്നേരം 06.00ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ 06.35ന് കൊച്ചുവേളിയിൽ എത്തിച്ചേരും.
അതുപോലെ ആഴ്ചയിൽ രണ്ടു ദിവസം മാത്രം സർവീസ് നടത്തുന്ന 16361/62 വേളാങ്കണ്ണി എക്സ്പ്രസ്സ് ഒരു അധിക സർവീസ് കൂടി പരിഗണിക്കണമെന്ന് കൂടി ഫ്രണ്ട്‌സ് ഓൺ റെയിൽസ് ഭാരവാഹികൾ എംപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
0 Comments