ചെങ്ങന്നൂര്‍ –പമ്പ റെയില്‍ പദ്ധതി ഉപേക്ഷിച്ചേക്കും; കേരളം സഹകരിച്ചാല്‍ ശബരി റെയില്‍ വരും.പത്തനംതിട്ട: 8000 കോടി രൂപ മുടക്കി ഏക്കര്‍ കണക്കിന് വനഭൂമി നഷ്ടപ്പെടുത്തി ചെങ്ങന്നൂര്‍- പമ്പ റെയില്‍ പാത നിര്‍മ്മിക്കാനുള്ള സാധ്യത മങ്ങുന്നു. കേരളം സഹകരിച്ചാല്‍ പകരം നിലവിലുള്ള ശബരി റെയില്‍ പാത പൂര്‍ത്തീകരിക്കാന്‍ കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ റെയില്‍വേ വ്യക്തമാക്കി.
6,480 കോടി ചെലവില്‍ ചെങ്ങന്നൂര്‍- പമ്പ റെയില്‍പാത നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശം ദക്ഷിണ റെയില്‍വേ പരിഗണിച്ചതാണ്. എന്നാല്‍, ചെലവ് 7,208 കോടിയായി വര്‍ദ്ധിക്കുമെന്ന് പിന്നീട് മനസിലായി. ഇപ്പോള്‍ 8,000 കോടിയില്‍ അധികം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. പദ്ധതിക്ക് 213.687 ഹെക്ടര്‍ ഭൂമി വേണ്ടിവരും. ഇതില്‍ 127. 038 ഹെക്ടര്‍ സ്വകാര്യ ഭൂമിയാണ്. ഭൂമി ഏറ്റെടുക്കലില്‍ ശക്തമായ എതിര്‍പ്പ് ഉയരും. പദ്ധതിക്ക് 81.367 ഹെക്ടര്‍ വനഭൂമിയും ആവശ്യമാണ്. വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം. ഇത് ലഭിച്ചാല്‍ തന്നെ വനംവകുപ്പിന് പകരം ഭൂമി നല്‍കണം. എന്നാൽ, വര്‍ഷം രണ്ടര മാസം മാത്രമാണ് പാതയുടെ ഉപയോഗം. ദീര്‍ഘകാലം പാത അടച്ചിടേണ്ടിവരും. 59.23 കി. മീറ്റര്‍ മാത്രമായി ചെങ്ങന്നൂരില്‍ നിന്നും പമ്പയിലേക്കുള്ള ദൂരം കുറയും എന്നതാണ് ഗുണം. കൂടാതെ യാത്രാസമയം മൂന്ന് മണിക്കൂറില്‍ നിന്നും 45 - 50 മിനിറ്റായി കുറയും. ഈ പദ്ധതി ഒരിക്കലും ലാഭമാകില്ലെന്നാണ് വിലയിരുത്തൽ.
അതേസമയം, ശബരിപാതക്ക് വേണ്ടിവരുക 3,810 കോടി മാത്രമാണ്. ഇതില്‍ പകുതി തുകയായ 1905 കോടി രൂപാ കേരളസര്‍ക്കാര്‍ മുടക്കേണ്ടി വരും. ആകെ 111 കി.മീറ്റര്‍ ദൂരത്തിൽ 14 സ്റ്റേഷനുകളാണുണ്ടാകുക. കാലടി സ്റ്റേഷന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ നിര്‍മ്മിച്ചു കഴിഞ്ഞു. ഇവിടെ നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ദൂരം 5 കി. മീറ്റര്‍ മാത്രമാണ്. ഇടുക്കി ജില്ലയില്‍ പൂര്‍ണ്ണമായും കോട്ടയം ജില്ലയിലെ രാമപുരം വരെയും സര്‍വേ നടത്തി കല്ലിട്ടിട്ടുണ്ട്. രാമപുരം മുതല്‍ എരുമേലി വരെ ഏരിയല്‍ സര്‍വേ മാത്രമാണ് നടന്നത്. ശബരി പാത യാഥാർത്ഥ്യമായാൽ ശബരിമല തീർത്ഥാടകർക്ക് ഗുണകരമാകുന്നതു കൂടാതെ ചരക്ക് നീക്കം വേഗത്തിലാക്കാനും കഴിയും. ഭാവിയില്‍ തിരുവനന്തപുരത്തേക്ക് പാത ദീര്‍ഘിപ്പിച്ചാല്‍, വിഴിഞ്ഞം കണ്ടെയ്‌നര്‍ തുറമുഖത്തു നിന്നുള്ള ചരക്കുനീക്കവും വേഗത്തിലാകും. ഇക്കാര്യങ്ങളാണ് ശബരി റെയില്‍വേ അടിയന്തരമായി നടപ്പാക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നത്. എന്നാല്‍, പണമില്ലെന്ന കാര്യം പറഞ്ഞ് കേരളം പദ്ധതിക്കായുള്ള ചെലവ് വഹിക്കാന്‍ തയ്യാറാകാത്തതാണ് പ്രശ്‌നമെന്നും റിപ്പോർട്ടു ചെയ്യപ്പെടുന്നു.
0 Comments