Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുതലപ്പൊഴിയിലെ മണ്ണ് നീക്കം പൂർണ്ണമായി.

മുതലപ്പൊഴിയിലെ മണ്ണ് നീക്കം പൂർണ്ണമായി.
തിരു.: ദിവസങ്ങളായി മണ്ണ് നിറഞ്ഞ് അടഞ്ഞിരുന്ന മുതലപ്പൊഴിയിലെ മണ്ണ് നീക്കം പൂർണ്ണമായി. പൊഴി അടഞ്ഞതോടെ സമീപ പ്രദേശങ്ങൾ വെള്ളക്കെട്ടിലായിരുന്നു. പൊഴി മുറിക്കൽ പൂർത്തിയായതോടെ അഞ്ചുതെങ്ങ് കായലിൽ നിന്നും വെള്ളം കടലിലേക്ക് ശക്തിയായി ഒഴുകിത്തുടങ്ങിയിട്ടുണ്ട്. പൊഴി മുറിഞ്ഞതോടെ രണ്ട് ദിവസത്തിനകം വെള്ളം ഇറങ്ങുമെന്ന് അധികൃതർ അറിയിച്ചു.
       130 മീറ്റർ നീളത്തിൽ അടിഞ്ഞ മണൽതിട്ടയായിരുന്നു മുതലപ്പൊഴിയിലെ പ്രതിസന്ധി. ഇതിൽ 115 മീറ്റർ മണ്ണ് വ്യാഴാഴ്ചയോടെ നീക്കം ചെയ്തിരുന്നു. 15 മീറ്റർ ഭാഗത്തെ മണ്ണ് ഇന്നലെ ഉച്ചയോടെ നീക്കിയതോടെ ആണ് വെള്ളം കടലിലേക്ക് ഒഴുകാൻ തുടങ്ങിയത്.  70 മീറ്റർ വീതിയിൽ അടിഞ്ഞിരിക്കുന്ന മണ്ണിൽ നിന്ന് പൊഴി തുറക്കുന്നതിന്‌ 13 മീറ്റർ വീതിയിലും 3 മീറ്റർ ആഴത്തിലുമാണ് 4 ലോങ്ങ് ബൂം ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണ് നീക്കിയത്. മണൽതിട്ട മുറിച്ച ഭാഗത്ത് ഡ്രഡ്ജർ ഉപയോഗിച്ചുള്ള ആഴംകൂട്ടലും പുരോഗമിക്കുന്നുണ്ട്. തെക്ക് ഭാഗത്തെ പുലിമുട്ടിനോട് ചേർന്ന് കുന്ന് കൂടി കിടക്കുന്ന മണൽ ടിപ്പറുകളും മണ്ണ് മാന്തികളും ഉപയോഗിച്ച് പെരുമാതുറ ഭാഗത്ത് നിക്ഷേപിക്കുന്ന പ്രവൃത്തിയും പുരോഗമിക്കുന്നുണ്ട്. രണ്ട് ദിവസം കൊണ്ട് ഇവിടെ നിന്നുള്ള മണ്ണ് പൂർണ്ണമായും നീക്കാനാകുമെന്നാണ് പ്രതീക്ഷ. 
          കണ്ണൂർ അഴിക്കൽ തുറമുഖത്തു നിന്ന്‌ തിങ്കളാഴ്ച പുറപ്പെട്ട മാരിടൈം ബോർഡിന്‍റെ ശേഷി കൂടിയ ഡ്രഡ്ജർ ചന്ദ്രഗിരി തീരത്തെത്തിയെങ്കിലും പ്രവർത്തന സജ്ജമാകാൻ രണ്ട് ദിവസം വേണ്ടി വരും. ഡ്രഡ്ജർ പ്രവർത്തിച്ചു തുടങ്ങുന്നതോടെ മണൽ നീക്കത്തിന് വേഗതയേറുമെന്നാണ് പ്രതീക്ഷ. ആഴമാകുന്നതോടെ പൊഴിയിലൂടെ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾ കടലിലേക്കിറക്കാനാകും. കൂടാതെ സമീപ പഞ്ചായത്തുകളിലെ വെള്ളപ്പൊക്ക ഭീഷണിക്കും പരിഹാരമാകും. പൊഴിയടഞ്ഞതിനാൽ പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതവും ദുസ്സഹമായിരുന്നു. ദിവസങ്ങളായുള്ള പ്രതിഷേധങ്ങൾക്കൊടുവിലാണ് പൊഴിമുറിക്കൽ വേഗത്തിലാക്കിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement