കോട്ടയത്തെ ഇരട്ടക്കൊലപാതകം; സിബിഐ സംഘം സംഭവ സ്ഥലത്തെത്തി. കോട്ടയം: തിരുവാതുക്കലില്‍ ഇരട്ടക്കൊലപാതകം നടന്ന സ്ഥലത്ത് സിബിഐ സംഘം വിവരങ്ങള്‍ ശേഖരിക്കാനായെത്തി. കൊല്ലപ്പെട്ട ദമ്പതിമാരായ വിജയകുമാറിന്റെയും മീരയുടെയും മകന്‍ ഗൗതമിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘമാണ് വിവരങ്ങള്‍ ശേഖരിക്കാനായി എത്തിയത്.
ഗൗതമിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ച് ദിവസങ്ങള്‍ക്ക് ഉള്ളിലാണ് വിജയകുമാറും ഭാര്യയും കൊല്ലപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സിബിഐ സംഘം, സംഭവസ്ഥലത്തെത്തിയത്.
2017ലാണ് വിജയകുമാറിന്റെ മകന്‍ ഗൗതമിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയാണ് വിജയകുമാറും മീരയും ഹൈക്കോടതിയെ സമീപിച്ച് സിബിഐ അന്വേഷണം നേടിയെടുത്തത്. ഗൗതമിന്റേത് കൊലപാതകമാകുമെന്ന വിലിയുരത്തലും കോടതി നടത്തിയിരുന്നു.
വിജയകുമാറിന്റേയും മീരയുടേയും കൊലപാതകം നടത്തിയ പ്രതി വീട്ടിനുള്ളില്‍ പ്രവേശിച്ചത് പിന്നിലെ വാതില്‍ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് തുറന്നാണെന്നു പൊലീസ് കണ്ടെത്തി. ആദ്യം വിജയകുമാറിനെയാണ് കോടാലി ഉപയോഗിച്ച് പ്രതി വെട്ടിയതെന്നാണ് നിഗമനം. വിജയകുമാറിന്റെ നിലവിളി കേട്ട് ഓടിയെത്തിയ മീരയെ പിന്നാലെ കൊലപ്പെടുത്തിയെന്നും കരുതുന്നു. ഇരുവരെയും അതിക്രൂരമായി ആക്രമിച്ചാണ് കൊലപ്പെടുത്തിയത്. വിജയകുമാറിനെ വീട്ടിലെ ഹാളിലും മീരയെ അകത്തെ മുറിയിലുമാണ് കണ്ടത്. ദമ്പതികളെ ആക്രമിക്കാന്‍ പ്രതി ഉപയോഗിച്ച കോടാലി വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
സിസി ടിവിയുടെ ഡിവിആര്‍ വീട്ടില്‍ നിന്ന് മോഷണം പോയ സാഹചര്യത്തില്‍ അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പ്രതി കിണറിന് സമീപം എത്തിയതിന്റെ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിൽ പോലീസ് കിണര്‍ വിശദമായി പരിശോധിക്കും. ഡിവിആര്‍ കിണറ്റില്‍ കളഞ്ഞോ എന്നതാണ് പരിശോധിക്കുക. വീട്ടില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണുകളും മോഷണം പോയിട്ടുണ്ട്. ഈ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇതും ദുരൂഹത കൂട്ടുന്നുണ്ട്. ആ ഫോണുകളില്‍ നിര്‍ണ്ണായകമായത് എന്തോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇവരുടെ വീട്ടില്‍ മുമ്പ് ജോലി ചെയ്തിരുന്ന ആസാം സ്വദേശി ചെ കേന്ദ്രീകരിച്ചാണ് അന്വേഷണം. വിജയകുമാറിന്റെ പരാതിയില്‍ ഇയാള്‍ നേരത്തേ അറസ്റ്റിലായിരുന്നതാണ്. അന്നും മൊബൈൽ ഫോൺ മോഷ്ടിച്ചതിനാണ് പരാതി നൽകിയത്.
2017 ജൂണ്‍ മാസത്തിലാണ് വിജയകുമാറിന്റെ മകന്‍ ഗൗതം കൃഷ്ണകുമാറിനെ തെള്ളകത്തിന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 28 വയസായിരുന്നു ഗൗതമിന്റെ പ്രായം. തെള്ളകം റെയില്‍വേ ഗേറ്റിനു സമീപമാണ് ഗൗതമിന്റെ മൃതദേഹം കണ്ടത്. ഗൗതമിന്റെ കാര്‍ കാരിത്താസ് ജംഗ്ഷനും അമ്മഞ്ചേരിക്കും ഇടയിലുള്ള റോഡില്‍ പാര്‍ക്ക് ചെയ്ത നിലയിലും കണ്ടെത്തിയിരുന്നു. ഗൗതമിന്റെ കഴുത്തില്‍ ആഴത്തിലുള്ള മുറിവും കാറില്‍ രക്തപ്പാടുകളും ഉണ്ടായിരുന്നു. അന്വേഷണത്തിന് ശേഷം മരണം ആത്മഹത്യയെന്ന് എഴുതിത്തള്ളുന്നതിനെതിരെ വിജയകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഗൗതമിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കോടതി കണ്ടെത്തുകയും സിബിഐ അന്വേഷണത്തിന് ഉത്തരവ് ഇടുകയുമായിരുന്നു.
0 Comments