വിഎസ് അനന്തപുരിയോട് വിട ചൊല്ലി.
തിരു.: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അവസാന ദശാബ്ദങ്ങൾ പ്രധാന പ്രവർത്തന തട്ടകമായിരുന്ന തലസ്ഥാന നഗരിയിലെ പൊതു ദർശനം പൂർത്തിയാക്കി. വിലാപയാത്ര ജന്മദേശമായ ആലപ്പുഴയിലേക്ക് നീങ്ങി തുടങ്ങി.
തലസ്ഥാനത്തു നിന്നും 151 കിലോമീറ്റർ ദൂരം നീളുന്ന വിലാപയാത്രയ്ക്കിടെ, തങ്ങളുടെ പ്രിയനേതാവിന് അന്ത്യാഭിവാദ്യം അർപ്പിക്കാനായി ജനങ്ങൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്തു നിന്നും കൊല്ലം വഴി ആലപ്പുഴയിലേക്ക് വിലാപയാത്രയായിട്ടാണ് വിഎസിന്റെ മൃതദേഹം കൊണ്ടുപോകുന്നത്. ഇന്നു രാത്രി ഒൻപതുമണിയോടെ ആലപ്പുഴ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കാനാണ് ശ്രമിച്ചതെങ്കിലും അതൊരിക്കലും സാധ്യമാവാത്ത സ്ഥിതിയാണുള്ളത്.
ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ദർബാർ ഹാൾ വിട്ട വിലാപയാത്ര, മൂന്നര മണിക്കൂർ പിന്നിട്ട് നേരം സന്ധ്യയാകുമ്പോൾ, പാളയം, പിഎംജി, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഉള്ളൂർ, പോങ്ങുംമൂട്, ശ്രീകാര്യം, ചാവടിമുക്ക്, പാങ്ങപ്പാറ പോയിൻ്റുകൾ പിന്നിട്ട് കാര്യവട്ടത്തേയ്ക്ക് പ്രവേശിക്കുന്നതേയുള്ളൂ. ഇനി കഴക്കൂട്ടം, വെട്ടുറോഡ്, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം, ചെമ്പകമംഗലം, കോരാണി, മൂന്നുമുക്ക്, ആറ്റിങ്ങൽ, കച്ചേരിനട, ആലംകോട്, കടുവയിൽ, കല്ലമ്പലം, നാവായിക്കുളം, 28-ാം മൈൽ, കടമ്പാട്ടുകോണം എന്നിവിടങ്ങളിൽ കൂടിയാണ് തിരുവനന്തപുരം ജില്ലയിൽ പൊതുദർശനത്തിന് അവസരം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴത്തെ രീതിയിലാണ് വിലാപയാത്ര നീങ്ങുന്നതെങ്കിൽ തിരുവനന്തപുരം ജില്ല പിന്നിടാൻ തന്നെ അർദ്ധരാത്രിയായേക്കും.
കൊല്ലം ജില്ലയിൽ പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, ചിന്നക്കട ബസ് ബേ, കാവനാട്, ചവറ ബസ് സ്റ്റാൻഡ്, കരുനാഗപ്പള്ളി, ഓച്ചിറ എന്നിവിടങ്ങളിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ ക്രമീകരണമുണ്ട്. ആലപ്പുഴ ജില്ലയിൽ കെപിഎസി ജങ്ഷൻ, കായംകുളം കെഎസ്ആർടിസി സ്റ്റാൻഡ്, കരിയിലക്കുളങ്ങര, നങ്ങ്യാർകുളങ്ങര, ഹരിപ്പാട് കെഎസ്ആർടിസി സ്റ്റാൻഡ്, ഠാണാപ്പടി, കരുവാറ്റ, തോട്ടപ്പള്ളി, പുറക്കാട്, അമ്പലപ്പുഴ, വണ്ടാനം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ അന്ത്യോപചാരം അർപ്പിക്കാൻ ക്രമീകരണമുണ്ട്. മിക്കവാറും നാളെ പുലർന്നു മാത്രമേ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുകയുള്ളൂ.
നാളെ രാവിലെ 9 മുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതു ദർശനത്തിന് വയ്ക്കാനാണ് തീരുമാനമെങ്കിലും ഇത് എത്രത്തോളം സാധ്യമാകുമെന്ന് അറിയില്ല. രാവിലെ 10 മുതൽ ആലപ്പുഴ കടപ്പുറത്തെ പൊലീസ് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനമുണ്ടാകും. നാളെ രാത്രി വൈകി മാത്രമായിരിക്കും വലിയ ചുടുകാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കുക.
തിരുവനന്തപുരത്ത് 27 ഇടത്തും കൊല്ലം ജില്ലയിൽ ഏഴിടത്തുമാണ് അന്തിമോപചാരം അർപ്പിക്കാനായി സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നതെങ്കിലും അപ്രഖ്യാപിത കേന്ദ്രങ്ങളിലും വലിയ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒന്ന് കാണുവാൻ കാത്തു നിൽക്കുന്നത്.
വിലാപയാത്ര കടന്നുപോകുന്ന വഴികളുടെ വശങ്ങളിൽ പാർക്കിങ് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. വിലാപയാത്ര കടന്നുപോകുന്ന സമയത്ത് ഗതാഗതത്തിരക്ക് അനുഭവപ്പെട്ടാൽ വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
0 Comments