Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജില്ലാ കോടതിപ്പാലം നിര്‍മ്മാണം : നഗരത്തില്‍ ജാഥകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നിയന്ത്രണം.

ജില്ലാ കോടതിപ്പാലം നിര്‍മ്മാണം : നഗരത്തില്‍ ജാഥകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നിയന്ത്രണം.
ആലപ്പുഴജില്ലാ കോടതിപ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗതാഗത നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി  നഗരത്തില്‍ ജാഥകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് അറിയിച്ചു. ഇത്തരം പരിപാടികള്‍ സക്കറിയാ ബസാര്‍ മുതല്‍ പടിഞ്ഞാറോട്ട് ബീച്ച് ഭാഗവും റിക്രിയേഷന്‍ ഗ്രൗണ്ടും കേന്ദ്രീകരിച്ച് നടത്തുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോടതിപ്പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഗതാഗത നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

       കല്ലുപാലം-ഇരുമ്പ് പാലം, പിച്ചുഅയ്യര്‍ ജംങ്ഷന്‍, പഴവങ്ങാടി എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് അനുവദിച്ച സ്ഥലങ്ങളില്‍ മാത്രമേ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവു എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. റോഡിന്റെ വശങ്ങള്‍ കൈയ്യേറി സ്ഥാപിച്ച കടകളുടെ ബോര്‍ഡുകളും തട്ടുകടകളുടെ ഭാഗങ്ങളും നീക്കം ചെയ്ത് ഗതാഗതം സുഗമമാക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. നഗരത്തില്‍ റോഡിന്റെ ഷോള്‍ഡര്‍ തറനിരപ്പില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്നതു മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനായി ഈ ഭാഗങ്ങള്‍ നികത്തി നിരപ്പാക്കണമെന്നും പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ആലപ്പുഴ-തണ്ണീര്‍മുക്കം റോഡില്‍ നിന്ന് നഗരസഭയുടെ നഗരചത്വരം, മിനി സിവില്‍ സ്റ്റേഷന്‍ വഴി പോകുന്ന റോഡ്, ടാര്‍ ചെയ്യുന്നതിനും യോഗത്തില്‍ തീരുമാനമായി. ഈ റോഡിലൂടെ സ്വകാര്യ ബസുകള്‍ക്ക് കടന്നു പോകുവാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാനായി ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന വകുപ്പ്, പിഡബ്ല്യുഡി, കെആര്‍എഫ്ബി, കെഎസ്ഇബി എന്നീ വകുപ്പുകളിലെ ഉദ്യോഗസഥര്‍ അടങ്ങിയ സംഘത്തെയും യോഗം ചുമതലപ്പെടുത്തി.

         നഗരത്തിലെ ഇടറോഡുകളുടെ വീതി താല്‍ക്കാലികമായി കൂട്ടി ഗതാഗതപ്രശ്നം പരിഹരിക്കാന്‍ സാധിക്കുമോ എന്നും ഈ സംഘം പരിശോധിക്കും. ജില്ലാ കോടതിപ്പാലത്തിന്റെ സമീപം ഗതാഗത നിയന്ത്രണം ഉണ്ടെങ്കിലും കണ്‍ട്രോള്‍ റൂം മുതല്‍ വൈഎംസിഎ വരെ കനാലിന്റെ തെക്കുവശത്തു കൂടി ചെറുവാഹനങ്ങള്‍ക്ക് പോകുവാനായി സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കെആര്‍എഫ്ബി ഉദ്യോഗസ്ഥര്‍ അറിയിച്ചു.


Post a Comment

0 Comments

Ad Code

Responsive Advertisement