Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അത്തം പിറന്നു; ഇത്തവണ അത്തം പതിനൊന്നിന് പൊന്നോണം.

അത്തം പിറന്നു; ഇത്തവണ അത്തം പതിനൊന്നിന് പൊന്നോണം.
കോട്ടയം: പൊന്നോണത്തിന്‍റെ വരവറിയിച്ച്‌ അത്തം പിറന്നു. അടുത്ത പതിനൊന്നു ദിവസം വീട്ടു മുറ്റങ്ങളില്‍ പൂക്കളമുയരും. ഇത്തവണ ചിത്തിര നക്ഷത്രം അറുപത്തിയാറ് നാഴികയോളം വരുന്നതിനാൽ, രണ്ട്‌ ചിത്തിരയായി പരിഗണിക്കും. അതിനാൽ അത്തം കഴിഞ്ഞ് പതിനൊന്നാം ദിനമാണ് ഇത്തവണ തിരുവോണം. സെപ്റ്റംബർ നാല് വ്യാഴാഴ്ച ഒന്നാം ഓണം (ഉത്രാടം), അഞ്ചാം തീയതി വെള്ളിയാഴ്ച രണ്ടാം ഓണം (തിരുവോണം), ആറാം തീയതി മുന്നാം ഓണം (അവിട്ടം), ഞായറാഴ്ച നാലാം ഓണം ( ചതയം) എന്നീ ദിവസങ്ങളാണ് പ്രധാനം. ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്‍റേയും ഉത്സവത്തിന്‍റേയും ദിനരാത്രങ്ങള്‍. സമഭാവനയുടെ സന്ദേശമോതുന്ന തിരുവോണത്തിനായി മാവേലിയെ വരവേല്‍ക്കാന്‍ നാടൊരുങ്ങുകയാണ്. പരിശുദ്ധിയുടെ തൂവെള്ള നിറമേഴും തുമ്പ മുതല്‍ ചെത്തി, മന്ദാരം, ചെണ്ടുമല്ലി, പിച്ചകപ്പൂ തുടങ്ങിയവയെല്ലാം ചേർത്താണ് പൂക്കളമൊരുക്കേണ്ടതെങ്കിലും, പൂവിന് ക്ഷാമമുള്ളതിനാൽ, പ്ലാസ്റ്റിക് പൂക്കൾ മുതൽ വിവിധ വർണ്ണപ്പൊടികൾ വരെ പൂക്കളത്തിൽ സ്ഥാനം പിടിക്കാറുണ്ട്.
      തൊടികളില്‍ നിന്നു തുമ്പയും തുളസിയും മുക്കുറ്റിയും കാക്കപ്പൂവും കോളാമ്പിപ്പൂവുമൊക്കെ ശേഖരിച്ച്‌ മുറ്റത്ത് കളമെഴുതി അത്തം മുതല്‍ പൂക്കളമിടുന്ന ശീലം മലയാളിയ്ക്ക് അന്യമായിത്തുടങ്ങിയെങ്കിലും ഇതിന്‍റെ സ്മരണകളുണർത്തി ഇന്നു മുതല്‍ നാടൊട്ടുക്കും അത്തപ്പൂക്കളങ്ങള്‍ നിറയും. ആചാരമനുസരിച്ച് ഓരോ ദിവസത്തേയും പൂക്കളത്തിന്‍റെ വലിപ്പത്തിലും രൂപത്തിലും വ്യത്യാസവും അവയ്ക്കുപയോഗിക്കുന്ന പൂക്കളും വ്യത്യാസപ്പെട്ടിരിക്കണം എന്നാണെങ്കിലും, ഇപ്പോള്‍ പൂക്കടകളില്‍ നിന്നു വാങ്ങുന്ന ചെണ്ടുമല്ലി, ജമന്തി, അരളി, വാടാമുല്ലി, ബട്ടണ്‍റോസ് തുടങ്ങിയ പൂക്കള്‍ ഉപയോഗിച്ചാണ് പൂക്കളങ്ങൾ അധികവും തയ്യാറാക്കുന്നത്. കോയമ്പത്തൂർ, കർണാടക, മൈസൂർ, ദിണ്ടിഗല്‍, ആന്ധ്രയ്ക്കടുത്ത് കൊപ്പം, ഹൊസൂർ എന്നിവിടങ്ങളില്‍ നിന്നെല്ലാമാണ് പൂവെത്തുന്നത്. രാത്രി വളരെ വൈകിയും പൂക്കളുടെ വില്പനയുണ്ടാകും. 


Post a Comment

0 Comments

Ad Code

Responsive Advertisement