തിരുവോണത്തെ വരവേറ്റ് മലയാളികള്‍.കോട്ടയം: ഇന്ന് പൊന്നിൻ ചിങ്ങമാസത്തെ തിരുവോണം. പുത്തനുടുപ്പിട്ട്, പൂക്കളവും, വിഭവ സമൃദ്ധമായ സദ്യയും പായസവും ഒരുക്കി ഓണം ആഘോഷിക്കുകയാണ് മലയാളികള്‍.
മലയാളികളുടെ മഹോത്സവമാണ് തിരുവോണം. കേരളം ഭരിച്ച നീതിമാനായ രാജാവ് മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് തിരുവോണം എന്ന് ഐതിഹ്യം. മലയാള മാസമായ ചിങ്ങമാസത്തിലെ തിരുവോണം നാളിലാണ് മലയാളികളുടെ ഈ പ്രധാന ആഘോഷം. ഓരോ ഓണവും വീണ്ടും പ്രതീക്ഷ ഉണര്‍ത്തി വന്നുപോകുന്നു. അസമത്വവും ചൂഷണവും ദുരയും പകയും കള്ളവും ചതിയുമില്ലാത്ത മാതൃകാഭരണം സംബന്ധിച്ച ഭാഗവത സങ്കല്‍പ്പമാണ് ഓണത്തിന്റെ പുരാവൃത്തം. അത്തം നാള്‍ തുടങ്ങി പത്താം ദിനം തിരുവോണമാണ്.
അതിരാവിലെ കുളിച്ച് കോടിയുടുത്ത് തലേദിവസം നിറച്ചുവച്ച പൂവട്ടിയിലെ പൂക്കളുമായി മുറ്റത്ത് പൂക്കളം തീര്‍ക്കണം. അത്തം മുതല്‍ തീര്‍ത്ത കളങ്ങളെക്കാള്‍ വലിയ കളം തീര്‍ത്ത് മാവേലിയെ വരവേല്‍ക്കുകയാണ്. ശ്രദ്ധയോടെ പ്രഥമ പരിഗണന നല്‍കി തയ്യാറാക്കേണ്ടത് വീട്ടുമുറ്റത്തെ പൂക്കളമാണ്. പഴയകാലത്ത് മിക്കവര്‍ക്കും ആണ്ടിലൊരിക്കല്‍ കിട്ടുന്ന പുതുവസ്ത്രം ഓണക്കോടി തന്നെ. കുട്ടികള്‍ക്ക് മഞ്ഞക്കോടി എന്ന തോര്‍ത്തിന്റെ വലിപ്പമുള്ള കസവുകരയോടു കൂടിയ ഒരു നേര്‍ത്ത വസ്ത്രം കൂടി കിട്ടാറുണ്ട്. പ്രായഭേദമെന്യേ മലയാളികള്‍ പുതുവസ്ത്രം ധരിച്ചാണ് തിരുവോണദിനം ആഘോഷിക്കുന്നത്.
തിരുവോണ ദിനത്തില്‍ എപ്പോഴും മുന്നിട്ട് നില്‍ക്കുന്നത് ഓണസദ്യ തന്നെയാണ്. ഇതാണ് കുടുംബത്തിലെ ഏറ്റവും വലിയ ആഘോഷവും. എല്ലാവരും ഒത്തൊരുമിച്ചിരുന്നാണ് ഓണസദ്യ കഴിക്കുന്നത്. കാര്‍ഷിക സംസ്‌കാരത്തിന്റെ വിളവെടുപ്പുത്സവമായ ഓണം കാലക്രമേണ ഐശ്വര്യത്തിന്റെ, പ്രതീക്ഷയുടെ, ഒത്തു ചേരലിന്റെ ഉത്സവമായി പരിണമിക്കുകയായിരുന്നു. ഉത്രാടദിനമായ ഇന്നലെ ഓണക്കോടി എടുക്കാനും ഓണസദ്യയ്ക്കും ഓണത്തപ്പനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ക്കും തിരക്കോടു തിരക്കായിരുന്നു. പച്ചക്കറി, പഴം, പൂവ്, പാല്‍, വസ്ത്രം വിപണികളിലായിരുന്നു ആളുകള്‍ ഒഴുകിയെത്തിയത്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള നഗര-ഗ്രാമ വ്യത്യാസമില്ലാതെ ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളിലെല്ലാം തിരക്കായിരുന്നു. പുത്തന്‍ ട്രെന്‍ഡുകളുടെ ശേഖരവുമായി തുണിക്കടകള്‍ ഓണത്തെ വരവേല്‍ക്കാന്‍ നേരത്തെ തന്നെ ഒരുങ്ങിയിരുന്നു. പുത്തനുടുപ്പുകളും സദ്യയുമായി ഓണം പൊടിപൊടിക്കുമ്പോള്‍ ഇന്നത്തെ തലമുറയ്ക്ക് ഓണക്കളികള്‍ വലിയ പരിചയം ഇല്ലാത്ത അവസ്ഥയാണ്. അന്യം നിന്നുപോകുന്ന സാംസ്‌കാരിക വിനോദങ്ങളില്‍ ഒന്നായ ഓണക്കളികള്‍ ഗ്രാമങ്ങളില്‍ ചിലയിടങ്ങളില്‍ അരങ്ങേറുന്നുണ്ട്. കാമ്പസുകളിലേ ഓണാഘാഷമാണ് ഇപ്പോൾ പുതു തലമുറയുടെ ട്രെൻഡ്. തിരുവാതിരയും ഓണത്തല്ലും പുലിക്കളിയുമെല്ലാം ഓണാഘോഷത്തിൻ്റെ ഭാഗമായി ക്യാമ്പസുകളിൽ എത്തുന്നുണ്ട്.
വന്‍കിട ബ്രാന്‍ഡുകളുടെ ഓഫറുകളുമായി ഓണക്കാലത്ത് സജീവമായിരുന്നു. തിരുവോണസദ്യ അടിപൊളിയാക്കാനുള്ള ഒരുക്കങ്ങള്‍ വീടുകളില്‍ എന്നതു പോലെ നഗരങ്ങളിലെ കാറ്ററിംഗ് കേന്ദ്രങ്ങളിലും നടക്കുകയാണ്. ഹോട്ടലുകളില്‍ ഇന്നലെ ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ബുക്കിംഗ് അനുസരിച്ച് സദ്യയുടെയും പായസത്തിന്റെയും മറ്റും വിതരണവും രാവിലെ മുതൽ നടക്കും. വിഭവസമൃദ്ധമായ തിരുവോണ സദ്യയുമായി ഹോട്ടലുകളും തയ്യാറാണ്. വര്‍ണ്ണാഭമായ ആഘോഷപ്പൊലിമയാണ് എങ്ങും. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ഓണാഘോഷം നടക്കുന്നുണ്ട്.
എല്ലാവർക്കും കേരള ഫയൽ മീഡിയ ടീമിൻ്റെ ഓണാശംസകൾ.
0 Comments