അമീബിക് മസ്തിഷ്ക ജ്വരം: തിരുവനന്തപുരം മെഡിക്കൽ കോളേജിന് അപൂര്‍വ്വ നേട്ടം. തിരു.: അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട ചികിത്സയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് അപൂര്‍വ്വ നേട്ടം. അമീബയും ഫംഗസും ഒരേ സമയം തലച്ചോറിനെ ബാധിച്ച പതിനേഴുകാരന് രോഗമുക്തിയുണ്ടായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. അമീബയും ഫംഗസും ഒരേ സസമയം തലച്ചോറിനെ ബാധിച്ച കേസുകളിൽ മുമ്പ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ലോകത്ത് തന്നെ ആദ്യമാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.
ആദ്യം ആലപ്പുഴ മെഡിക്കൽ കോളേജിലായിരുന്നു ചികിത്സ നൽകിയിരുന്നത്. പിന്നീട് മൂന്നു മാസത്തോളം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലയിലായിരുന്നു. മൂന്നു മാസം നീണ്ട സങ്കീര്‍ണ്ണമായ ചികിത്സകള്‍ക്കൊടുവിലാണ് രോഗമുക്തി. ചികിത്സക്കിടെ രണ്ട് ന്യൂറോ ശസ്ത്രക്രിയകള്‍ അടക്കം നടത്തി.
രണ്ട് വര്‍ഷത്തിനിടെ 86 അമീബിക് മസ്തിഷ്കജ്വര കേസുകളാണ് കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്തത്. ഇതിൽ 21 മരണമാണ് സംഭവിച്ചത്. ഇതിനര്‍ത്ഥം കേരളത്തിൽ കേസുകള്‍ ഉയരുന്നതല്ലെന്നും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനാലാണെന്നും അമീബിക് മസ്തിഷ്ക ജ്വരത്തിൽ പ്രത്യേക ജാഗ്രത വേണമെന്നും ശക്തമായ പ്രതിരോധം തീര്‍ക്കാനാണ് ശ്രമമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
നിലവിൽ 11 പേര്‍ തിരുവനന്തപുരത്തും 11 പേര്‍ കോഴിക്കോടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലുണ്ട്. എല്ലാവിധ പരിശോധനാ സൗകര്യങ്ങളും കേരളത്തിലുണ്ട്. ഓരോ കേസിലും ആരോഗ്യവകുപ്പ് പ്രത്യേക പരിശോധന നടത്തുനുണ്ട്. രോഗകാരണമാകുന്ന സ്രോതസ് കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. കേരളത്തിലെ ജലസ്രോതസുകളിൽ നേരത്തെ തന്നെ അമീബിക്ക് സാന്നിധ്യമുണ്ട്. ക്ലോറിനേഷൻ പ്രധാനപ്പെട്ട കാര്യമാണ്. ശുചീകരണ പ്രവർത്തനങ്ങൾ തുടരണം. കേരളത്തിൽ രോഗം കൃത്യമായി കണ്ടെത്തുന്നുണ്ട്. രോഗം കൃത്യമായി കണ്ടെത്തുന്നതിനാൽ, ചികിത്സ ഉറപ്പാക്കാനാകുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ പല കേസുകളും കണ്ടെത്തുന്നില്ല. എല്ലാ കേസുകളിലും രോഗ ഉറവിടം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
0 Comments