Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

'എന്റെ മരണകാരണം പുറംലോകത്തെ അറിയിക്കണം'; മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി; ശബ്ദസന്ദേശം പുറത്ത്.

'എന്റെ മരണകാരണം പുറംലോകത്തെ അറിയിക്കണം'; മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി; ശബ്ദസന്ദേശം പുറത്ത്.
തിരു.: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. 48 വയസ്സുകാരനായ കൊല്ലം പന്മന സ്വദേശി വേണുവാണ് മരിച്ചത്. താൻ മരിച്ചാൽ, അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു പറയുന്ന ശബ്ദ സന്ദേശവും പുറത്തുവന്നു. ആൻജിയോഗ്രാമിന് ആശുപത്രിയിൽ എത്തിച്ച വേണുവിന് 6 ദിവസമായിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
     ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടർന്നാണ് വേണു മരിച്ചത്. മെഡിക്കൽ കോളജിലെ അനാസ്ഥ വെളിവാക്കി സുഹൃത്തിന് ഓട്ടോ ഡ്രൈവറായ വേണു ശബ്ദസന്ദേശം അയച്ചിരുന്നു. ആശുപത്രിയിൽ എന്തെങ്കിലും കാര്യത്തെപ്പറ്റി ആരോടെങ്കിലും ചോദിച്ചാൽ ഒരക്ഷരം മിണ്ടില്ലെന്ന് വേണു പറയുന്നു. നായയെ നോക്കുന്ന കണ്ണു കൊണ്ട് പോലും അവർ തിരിഞ്ഞു നോക്കില്ല. എന്ത് ചോദിച്ചാലും മറുപടി പറയില്ല. കൈക്കൂലിയുടെ കേന്ദ്രമാണിതെന്നും വേണു പറയുന്നു.
     'വെള്ളിയാഴ്ച രാത്രി ഞാൻ ഇവിടെ വന്നതാണ്. എമർജൻസി ആൻജിയോഗ്രാം ചെയ്യുന്നതിനു വേണ്ടി. ശനി, ഞായർ, തിങ്കൾ, ചൊവ്വ... ഇന്നേക്ക് ആറ് ദിവസം തികയുന്നു. എമർജൻസിയായി തിരുവനന്തപുരത്തേക്ക് പറഞ്ഞുവിട്ട ഒരു രോഗിയാണ് ഞാൻ. ഇവർ എന്റെ പേരിൽ കാണിക്കുന്ന ഈ ഉദാസീനതയും കാര്യപ്രാപ്തിയില്ലായ്മയും എന്താണെന്ന് മനസിലാകുന്നില്ല. ചികിത്സ എപ്പോൾ നടക്കുമെന്ന് റൗണ്ട്സിന് പരിശോധിക്കാൻ വന്ന ഡോക്ടറോട് പല തവണ ചോദിച്ചു. അവർക്ക് അതിനെക്കുറിച്ച് യാതൊരു ഐഡിയയുമില്ല. രണ്ടു പേര് ഇവിടെ നിൽക്കണമെങ്കിൽ പ്രതിദിനം എത്ര രൂപ ചെലവാകുമെന്ന് അറിയാമോ? സാധാരണക്കാരുടെ ഏറ്റവും വലിയ ആശയും ആശ്രയവും ആയിരിക്കേണ്ട ഈ സർക്കാർ ആതുരാലയം വെറും വിഴുപ്പ് കെട്ടുകളുടെ, അല്ലെങ്കിൽ ശാപങ്ങളുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ ജീവന്റെയും ശാപം നിറഞ്ഞിരിക്കുന്ന ഒരു നരകഭൂമി എന്നു തന്നെ വേണം തിരുവനന്തപുരം മെഡിക്കൽ കോളജിനെ കുറിച്ച് പറയാൻ. ഇവരുടെ ഈ അലംഭാവം കൊണ്ട് എന്റെ ജീവന് എന്തെങ്കിലും ഒരു ഭീഷണിയോ ആപത്തോ സംഭവിച്ചാൽ പുറംലോകത്തെ അറിയിക്കണം' വേണു പറയുന്നു.
     കഴിഞ്ഞ ബുധനാഴ്ചയാണ് ഓട്ടോ ഡ്രൈവറായ വേണുവിന് നെഞ്ചുവേദന അനുഭവപ്പെടുന്നത്. തുടർന്ന് ചവറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ആൻജിയോഗ്രാം വേണമെന്ന് നിർദ്ദേശിച്ചതിനാൽ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നാണ് അടിയന്തരമായി ആൻജിയോഗ്രാം തുടർചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. പക്ഷേ, ആറു ദിവസം കഴിഞ്ഞിട്ടും ഈ ആൻജിയോഗ്രാം ചെയ്യാൻ മെഡിക്കൽ കോളജിൽ നിന്ന് ഡേറ്റ് നൽകിയില്ലെന്നാണ് വേണുവിന്റെ ശബ്ദസന്ദേശത്തിൽ പറയുന്നത്. വെള്ളിയാഴ്ച മാത്രമാണ് ആൻജിയോഗ്രാം ചെയ്യാൻ കഴിയുക എന്നുള്ള നിർദ്ദേശം കൂടി ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാവുകയും ചെയ്തു. 
     അതേസമയം, സംഭവത്തിൽ ഒരുതരത്തിലും ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. മെഡിക്കൽ കോളജിൽ എത്തിക്കുമ്പോഴേക്കും ആൻജിയോ പ്ലാസ്റ്റി ചെയ്യേണ്ട സമയം കഴിഞ്ഞിരുന്നുവെന്നും അതിനു ശേഷമാണ് ആശുപത്രിയിൽ എത്തിച്ചതെന്നുമാണ് അധികൃതർ പറയുന്നത്. ഇന്നലെ രോഗിക്ക് ഹാർട്ട് ഫെയിലർ ഉണ്ടായതോടെ സ്ഥിതി പെട്ടെന്ന് വഷളായതോടെ ഐസിയുവിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിനായില്ലെന്നും മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement