ആറ് പഞ്ചായത്തുകളിലെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. തിരു.: ആറ് പഞ്ചായത്തുകളിലെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പലയിടത്തും മുന്നണികളിലെ ആഭ്യന്തര തർക്കങ്ങള്‍ പരിഹരിച്ചതിനാല്‍ ഇന്ന് വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷ.
ആലപ്പുഴ ജില്ലയില്‍ നെടുമുടി, വീയപുരം പഞ്ചായത്തുകളിൽ തെരഞ്ഞെടുപ്പ് മാറ്റി വെച്ചിരുന്നു. നെടുമുടി പഞ്ചായത്തില്‍ പാർട്ടി തീരുമാനിച്ച പ്രസിഡന്‍റ് സ്ഥാനാർത്ഥിയെ സിപിഎം അംഗങ്ങള്‍ എതിർക്കുകയും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും ചെയ്തതോടെയാണ് തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. വീയപുരത്ത് പട്ടികജാതി വനിത അംഗമില്ലാത്തതിനാല്‍ ഭൂരിപക്ഷം ഉണ്ടെങ്കിലും യുഡിഎഫിന് പ്രസിഡന്‍റ് സ്ഥാനം ലഭിക്കില്ല. ഇന്നത്തെ തെരഞ്ഞെടുപ്പിലും യുഡിഎഫ് അംഗങ്ങള്‍ പങ്കെടുക്കില്ലെന്നാണ് വിവരം. ഇന്ന് പങ്കെടുക്കുന്ന അംഗങ്ങളില്‍ നിന്ന് വോട്ടെടുപ്പ് നടത്തി ഭൂരിപക്ഷമുള്ളയാളെ പ്രസിഡന്‍റാക്കും. ഇതോടെ അഞ്ച് അംഗങ്ങളുള്ള എല്‍ഡിഎഫിനാകും പ്രസിഡന്‍റ് സ്ഥാനം.
കാസർകോട് പുല്ലൂർ - പെരിയ പഞ്ചായത്തില്‍ പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നതോടെയാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. പിന്നാലെ പ്രശ്നം പരിഹരിച്ചു. യുഡിഎഫിന്‍റെ ഔദ്യോഗിക പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി ഉഷ എൻ. നായർ മത്സരിക്കും. യുഡിഎഫിനും എല്‍ഡിഎഫിനും ഒൻപത് അംഗങ്ങള്‍ വീതവും എൻഡിഎയ്ക്ക് ഒരു അംഗവുമാണുള്ളത്. ഡോ. സബിതയാണ് എല്‍ഡിഎഫിന്‍റെ പ്രസിഡന്‍റ് സ്ഥാനാർഥി.
24 സീറ്റുകളുള്ള എറണാകുളം വെങ്ങോല പഞ്ചായത്തില്‍ എല്‍ഡിഎഫും ട്വന്‍റി 20യും വിട്ടു നിന്നിരുന്നു. യുഡിഎഫിന് ഒമ്പതും എല്‍ഡിഎഫിന് എട്ടും ട്വന്‍റി 20യ്ക്ക് ആറ് സീറ്റും എസ്ഡിപിഐയ്ക്ക് ഒരു സീറ്റുമാണുള്ളത്.
മലപ്പുറം ജില്ലയിലെ തിരുവാലി പഞ്ചായത്തില്‍ യുഡിഎഫ് അംഗങ്ങളാണ് വിട്ടു നിന്നത്. 19 അംഗ ഭരണസമിതിയില്‍ യുഡിഎഫിന് 11ഉം എല്‍ഡിഎഫിന് 7ഉം അംഗങ്ങളാണുള്ളത്. നാലംഗങ്ങളുള്ള മുസ്ലീം ലീഗ് രണ്ടര വർഷം പ്രസിഡന്‍റ് സ്ഥാനം ആവശ്യപ്പെട്ടതാണ് തർക്കത്തിനു കാരണം. പിന്നീട് നടത്തിയ ചർച്ചയില്‍ ലീഗിന് വൈസ് പ്രസിഡന്‍റ് സ്ഥാനത്തിനൊപ്പം ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം കൂടി നല്‍കാൻ സമവായമായി. സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ തിരുവാലി പഞ്ചായത്തില്‍ ഏറെക്കാലത്തിനു ശേഷമാണ് യുഡിഎഫിന് ഭരണം ലഭിക്കുന്നത്.
0 Comments