ട്രെയിൻ വൈകിയാൽ സൗജന്യ ഭക്ഷണം; യാത്രക്കാർ അറിഞ്ഞിരിക്കേണ്ട ഐആർസിടിസി ചട്ടം.ന്യൂഡൽഹി: ട്രെയിൻ വൈകുന്നത് യാത്രക്കാരെ ഏറ്റവും കൂടുതൽ അസ്വസ്ഥരാക്കുന്ന സാഹചര്യങ്ങളിൽ ഒന്നാണ്. ദീർഘസമയം സ്റ്റേഷനിലോ ട്രെയിനിലോ കാത്തിരിക്കേണ്ടി വരുമ്പോൾ വിശപ്പും ക്ഷീണവും അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നാൽ, പ്രീമിയം ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്ക് ഈ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി ഇന്ത്യൻ റെയിൽവേ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത സമയത്തേക്കാൾ ട്രെയിൻ രണ്ട് മണിക്കൂർ അല്ലെങ്കിൽ അതിലധികം വൈകുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം നൽകണമെന്ന് ഐആർസിടിസി ചട്ടം വ്യക്തമാക്കുന്നു. രാജധാനി, ശതാബ്ദി, ദുരന്തോ എന്നീ പ്രീമിയം ട്രെയിനുകളിലാണ് ഈ സൗകര്യം നിലവിലുള്ളത്. അടുത്തിടെ രാജധാനി എക്സ്പ്രസിൽ ആറു മണിക്കൂർ വൈകിയ യാത്രയ്ക്കിടെ സൗജന്യ ഉച്ചഭക്ഷണം ലഭിച്ചതായി ഒരു യാത്രക്കാരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ഈ നിയമം വീണ്ടും ശ്രദ്ധയിൽപ്പെടാൻ ഇടയായി. ഇതോടെ നിരവധി യാത്രക്കാർക്ക് ഈ ആനുകൂല്യത്തെക്കുറിച്ച് വ്യക്തത ലഭിച്ചു. ട്രെയിൻ വൈകുന്ന സമയത്തെ അടിസ്ഥാനമാക്കിയാണ് നൽകുന്ന ഭക്ഷണത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നത്. ചായയോ കാപ്പിയോ നൽകുന്ന സമയത്ത് ബിസ്കറ്റുകൾ ഉൾപ്പെട്ട കിറ്റ് ലഭിക്കും. പ്രഭാതഭക്ഷണത്തിനോ വൈകുന്നേര ചായയ്ക്കോ ബ്രെഡ്, ബട്ടർ, ഫ്രൂട്ട് ജ്യൂസ്, ചായ അല്ലെങ്കിൽ കാപ്പി എന്നിവ നൽകും. ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമായി ചോറ്, ദാൽ, രാജ്മ അല്ലെങ്കിൽ ചോലെ, അച്ചാർ എന്നിവയടങ്ങിയ ഭക്ഷണമോ, പൂരിയും പച്ചക്കറി കറിയുമടങ്ങുന്ന ഭക്ഷണമോ നൽകുന്നതാണ് നിലവിലെ ക്രമീകരണം.
ഭക്ഷണ സൗകര്യത്തിന് പുറമെ യാത്രക്കാർക്ക് മറ്റ് അവകാശങ്ങളും ഉണ്ടെന്ന് റെയിൽവേ വ്യക്തമാക്കി. ട്രെയിൻ മൂന്ന് മണിക്കൂറിൽ കൂടുതൽ വൈകുന്ന സാഹചര്യമുണ്ടെങ്കിൽ, യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കി മുഴുവൻ തുകയും തിരികെ വാങ്ങാൻ അവകാശമുണ്ട്. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അതേ പ്ലാറ്റ്‌ഫോമിലൂടെ തന്നെ റീഫണ്ട് ലഭിക്കും. കൂടാതെ ദീർഘസമയം സ്റ്റേഷനിൽ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തിൽ വെയ്റ്റിംഗ് ഹാളുകൾ സൗജന്യമായി ഉപയോഗിക്കാനും അനുമതി നൽകുന്നുണ്ട്. ട്രെയിൻ വൈകുന്നത് എല്ലായ്പ്പോഴും ഒഴിവാക്കാനാകില്ലെങ്കിലും, ഇത്തരം ചട്ടങ്ങളും സൗകര്യങ്ങളും അറിഞ്ഞാൽ യാത്രക്കിടയിലെ അസൗകര്യങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി. പ്രീമിയം ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർ ഈ ആനുകൂല്യങ്ങളെക്കുറിച്ച് ബോധവാന്മാരാകണമെന്നും ആവശ്യമായപ്പോൾ അവ പ്രയോജനപ്പെടുത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു.
0 Comments