വ്യാജലോട്ടറി നിർമ്മിച്ച് തട്ടിപ്പ് നടത്തിയ പ്രതികൾ പിടിയിൽ.
കട്ടപ്പന: സമ്മാനമടിച്ച ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്ത് അതിർത്തി ജില്ലകളിൽ അടക്കം വിവിധ ഏജൻസികളിൽ കൊടുത്ത് സമ്മാനത്തുക വാങ്ങി തട്ടിപ്പ് നടത്തിയ രണ്ടു പേർ അറസ്റ്റിൽ. ബാലഗ്രാം കണ്ണങ്കേരിയിൽ വീട്ടിൽ സുബിൻ (35), മണിമന്ദിരത്തിൽ അനീഷ് (43) എന്നിവരെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്.
വലിയ തോതിൽ ലോട്ടറി എടുക്കുന്നവരെ സമീപിച്ച് അടിക്കുന്ന ലോട്ടറി നൽകിയാൽ പ്രൈസ് മണിയെക്കാൾ കൂടിയ തുക നൽകി വാങ്ങിക്കോളാമെന്ന് പറയും. ഇത്തരത്തിൽ വാങ്ങുന്ന ലോട്ടറിയ്ക്ക് പ്രൈസ് മണിയേക്കാൾ 500 രൂപയോളം അധികം നൽകിയാണ് ഇവർ അവരിൽ നിന്നും ലോട്ടറി വാങ്ങുന്നത്. ഇതിൻ്റെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്ത് കോട്ടയം, പൊൻകുന്നം, കാഞ്ഞിരപ്പള്ളി തുടങ്ങിയ വിവിധ മേഖലകളിലെ ലോട്ടറി ഏജൻസികൾക്ക് ലോട്ടറി നൽകി കാശ് വാങ്ങിയിരുന്നു ഇവരുടെ പരിപാടി. ഇത്തരത്തിൽ പല ഏജൻസികൾക്കും കാശ് പോയതോടെ പരക്കെ പരാതി ഉയർന്നിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം അടിച്ച ലോട്ടറിയുടെ ഒർജിനൽ നൽകി ഒരാൾ സമ്മാനതുകയായ 5000 കൈപ്പറ്റിയിരുന്നു. ഈ ടിക്കറ്റിൻ്റെ സീരിയൽ നമ്പർ സംസ്ഥാന ലോട്ടറി വകുപ്പ് സൈറ്റിൽ ചേർക്കുകയും ചെയ്തു. ഇതിൻ്റെ പിന്നാലെയാണ് ഫോട്ടോസ്റ്റാറ്റ് ലോട്ടറി കട്ടപ്പനയിലെ ലോട്ടറി ഏജൻസിയ്ക്ക് നൽകി ഒരാൾ കാശ് വാങ്ങി പോയത്. ഈ ലോട്ടറി മാറിയെടുക്കുവാൻ സബ് ഓഫീസിൽ ഏജൻ്റ് എത്തിയപ്പോഴാണ് കള്ളലോട്ടറി ആണെന്ന കാര്യം മനസിലായത്. കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ലോട്ടറി നൽകിയ വ്യക്തിയുടെ ഫോട്ടോ ലോട്ടറിക്കാരുടെ ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ചെയ്തതോടെ പ്രതികളിലേക്കുള്ള സൂചന ലഭിക്കുകയും തുടർന്ന് ലോട്ടറി ഏജൻസി ഉടമ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് നടത്തി അന്വേഷണത്തിനൊടുവിലാണ് തടിപ്പണിക്കാരനായ സുബിനിലേയ്ക്കും പഴവർഗ്ഗങ്ങൾ ഉണക്കി കച്ചവടം നടത്തുന്ന അനീഷിലേയ്ക്കും അന്വേഷണം എത്തുന്നതും കട്ടപ്പന പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നതും. ഈ കേസിൽ ഇവരുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകൾ പങ്ക് ചേർന്നിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 Comments