എറണാകുളത്ത് ട്രെയിനുകൾക്ക് നിയന്ത്രണം.
കൊച്ചി: എറണാകുളം സൗത്തിൽ നിന്ന് ആരംഭിക്കുകയും ഇവിടെ അവസാനിക്കുകയും ചെയ്യുന്ന ട്രെയിനുകൾക്ക് 26-ാം തീയതി വരെ നിയന്ത്രണം ഏർപ്പെടുത്തി. ഇതനുസരിച്ച് കണ്ണൂർ ഇന്റർസിറ്റി, വഞ്ചിനാട് എക്സ്‌പ്രസ് ഉൾപ്പെടെ ആറു ട്രെയിനുകളുടെ സർവീസിൽ ഭാഗികമായി മാറ്റം വരുത്തി. ഈ ട്രെയിനുകൾ കോട്ടയം, തൃപ്പൂണിത്തുറ, ഇടപ്പള്ളി, ആലുവ എന്നീ സ്റ്റേഷനുകളിൽ നിന്നായിരിക്കും സർവീസ് നടത്തുക.
രാവിലെ 6 മണിക്ക് എറണാകുളത്തു നിന്ന് പുറപ്പെടുന്ന കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് 26 വരെ 6.22ന് ആലുവയിൽ നിന്നായിരിക്കും പുറപ്പെടുക. തിരുവനന്തപുരത്തു നിന്ന് വൈകുന്നേരം 5.45ന് പുറപ്പെടുന്ന വഞ്ചിനാട് എക്‌സ്പ്രസ് ഈ കാലയളവിൽ കോട്ടയം വരെ മാത്രമാകും സർവീസ് നടത്തുക. എറണാകുളം- പാലക്കാട് മെമു (66610) 26 വരെ ആലുവയിൽ നിന്നാണ് സർവീസ് ആരംഭിക്കുക. എറണാകുളത്തിനും ആലുവയ്ക്കും ഇടയിൽ സർവീസ് ഉണ്ടാകില്ല. ഗുരുവായൂർ- എറണാകുളം പാസഞ്ചർ (56317) 26 വരെ ഇടപ്പള്ളിയിൽ സർവീസ് അവസാനിപ്പിക്കും. കൊല്ലം- എറണാകുളം മെമു തൃപ്പൂണിത്തുറ വരെ മാത്രമാകും ഓടുക. എംജിആർ ചെന്നൈ- ആലപ്പുഴ ഡെയിലി എക്സ്പ്രസ് (22639) 25 വരെ അരമണിക്കൂർ വൈകിയാകും പുറപ്പെടുക.
എറണാകുളം ജങ്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ ഉയരം വർദ്ധിപ്പിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചതിനാലാണ് നിയന്ത്രണം. ട്രെയിൻ്റെ വാതിലുകളും പ്ലാറ്റ്ഫോമുകളും തമ്മിലുള്ള ഉയരവ്യത്യാസം അപകട സാധ്യത സൃഷ്‌ടിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. പ്ലാറ്റ്ഫോം 2ലെ പണികൾ പൂർത്തിയായതിനു ശേഷം 3, 4, 5 പ്ലാറ്റ്ഫോമുകളിലും ഉയരം കൂട്ടും. നാല് വർഷം മുൻപ് കനത്ത മഴയെ തുടർന്ന് ട്രാക്കുകളിൽ വെള്ളം കയറുന്ന പ്രശ്നം പരിഹരിക്കാൻ ട്രാക്കുകൾ ഉയർത്തിയിരുന്നു. ഇതോടെയാണ് പ്ലാറ്റ്ഫോമുകളുടെ ഉയരം കുറഞ്ഞത്. ഇതുമൂലം പ്രായമായവർക്കും സ്ത്രീകൾക്കും ട്രെയിനിൽ കയറാനും ഇറങ്ങാനും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യം ഉണ്ടായി. ഏകദേശം 2 കോടി രൂപ ചെലവിലാണ് നാല് പ്ലാറ്റ്ഫോമുകളുടെ ഉയരം 20 മുതൽ 50 സെന്റീമീറ്റർ വരെ ഉയർത്തുന്നത്. ഗ്രാനൈറ്റ് പാകുന്നതടക്കമുള്ള ജോലികൾ പിന്നീട് സ്റ്റേഷൻ നവീകരണത്തിൻ്റെ ഭാഗമായി പൂർത്തിയാക്കും.
0 Comments