
തിരു.: ദക്ഷിണ റെയില്‍വേക്ക് അനുവദിക്കുന്ന വന്ദേഭാരത് മെട്രോ ട്രെയിനുകളില്‍ ഒന്ന് കേരളത്തിന് അനുവദിക്കാന്‍ സാദ്ധ്യത. സംസ്ഥാനത്തിന് കിട്ടുന്ന ആദ്യ വന്ദേമെട്രോ ഓടിക്കുന്നതിനായി പ്രധാനമായും പരിഗണിക്കുന്ന തിരുവനന്തപുരം - കൊച്ചി റൂട്ട് ആണെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. സംസ്ഥാനത്ത് ഏറ്റവും അധികം യാത്രക്കാരുള്ള റെയില്‍വേ റൂട്ടുകളില്‍ ഒന്നാണെന്നതും സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ട് നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കുമെന്നതും ഈ റൂട്ട് പരിഗണിക്കുന്നതിന് കാരണങ്ങളാണ്. കോട്ടയം വഴി ആയിരിക്കും തിരുവനന്തപുരം - കൊച്ചി വന്ദേമെട്രോ ഓടിക്കുക. കോട്ടയത്തിനും എറണാകുളത്തിനും ഇടയിലുള്ള യാത്രാക്ലേശം രൂക്ഷമാണെന്നതാണ് ഇതുവഴി ഓടിക്കുന്നത് പരിഗണിക്കാന്‍ കാരണം. കഴിഞ്ഞ ദിവസമാണ് വേണാട് എക്‌സ്പ്രസില്‍ തിരക്ക് കാരണം തിങ്ങി ഞെരുങ്ങി രണ്ട് സ്ത്രീകള്‍ കുഴഞ്ഞ് വീണത്. ചെങ്ങന്നൂര്‍ മുതല്‍ തിങ്ങിനിറഞ്ഞാണ് വേണാടിന്റെ യാത്ര. പാലരുവി കടന്നുപോയാല്‍ ഒന്നര മണിക്കൂറിന് ശേഷമാണ് അടുത്ത ട്രെയിനായ വേണാട് കോട്ടയത്ത് എത്തുന്നത്. ഈ ഇടവേളയാണ് ഇരു ട്രെയിനുകളിലേയും തിരക്ക് വര്‍ദ്ധിക്കാന്‍ കാരണം.
എറണാകുളത്തേയ്ക്ക് തിരുവനന്തപുരത്തു നിന്നുള്ള ആദ്യ ട്രെയിനാണ് വേണാട് എക്സ്പ്രസ്. തെക്കന്‍ ജില്ലകളില്‍ നിന്ന് മെമു, പാലരുവി, വേണാട് എക്സ്പ്രസുകളില്‍ മാത്രം ജോലി ആവശ്യങ്ങള്‍ക്കായി തൃപ്പൂണിത്തുറയിലിറങ്ങി ഇന്‍ഫോ പാര്‍ക്കിലേയ്ക്ക് മറ്റും യാത്ര ചെയ്യുന്നവരുടെ എണ്ണം ദിവസവും മൂവായിരത്തിലേറെ വരും. പാലരുവിയിലെ കോച്ചു വര്‍ദ്ധന അല്പം ആശ്വാസം പകര്‍ന്നെങ്കിലും റൂട്ടിലെ പ്രശ്നങ്ങള്‍ക്ക് നാളിതു വരെ പരിഹാരമായില്ല. ട്രെയിനില്‍ കയറാന്‍ പറ്റാതെ ആളുകള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാല്‍ സിഗ്നല്‍ ലഭിച്ചാലും ഗാര്‍ഡിന് ക്ലിയറന്‍സ് കൊടുക്കാന്‍ കഴിയുന്നില്ല. ഇതുമൂലം വേണാട് വൈകുന്നതും പതിവാണ്.
കോട്ടയത്തിനും എറണാകുളത്തിനും ഇടയിലെ യാത്രാദുരിതം പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് തിരുവനന്തപുരം ഡിവിഷണല്‍ റെില്‍വേ അധികൃതര്‍ അറിയിച്ചു. വന്ദേഭാരതിനായി ട്രെയിനുകള്‍ പിടിച്ചിടുന്നതും കോച്ചുകള്‍ കുറച്ചതുമാണ് യാത്രാദുരിതത്തിന് കാരണമെന്ന ആക്ഷേപം അധികൃതര്‍ നിഷേധിച്ചു. രാവിലെ കോട്ടയം ഭാഗത്തു നിന്ന് എറണാകുളത്തേക്കുള്ള വേണാട്, പാലരുവി ട്രെയിനുകളില്‍ സമാന്യം തിരക്കുണ്ട്. റോഡ് പണി നടക്കുന്നതിനാല്‍ തിരക്ക് കൂടി. തിങ്കളാഴ്ചകളിലും അവധി തീരുന്ന ദിവസങ്ങളിലുമാണ് കൂടുതല്‍ തിരക്ക്. അതിനുവേണ്ടി പ്രത്യേക സര്‍വീസ് നടത്താന്‍ കഴിയില്ല. വേണാടില്‍ ഐസിഎഫ് കോച്ചുകള്‍ മാറ്റി എല്‍എച്ച്ബി ആക്കിയിട്ടുണ്ട്. ഇതോടെ സീറ്റിംഗ് കപ്പാസിറ്റി 98ല്‍ നിന്ന് 104 ആയി. വേണാടിലെ തിരക്ക് പരിഗണിച്ച് പാന്‍ട്രി കാര്‍ ഒഴിവാക്കി പാസഞ്ചര്‍ കോച്ച് ഉള്‍പ്പെടുത്തി. ഇതോടെ കോച്ചുകളുടെ എണ്ണം 22ആയി. ഇനിയും കോച്ചുകള്‍ ചേര്‍ത്താല്‍ ട്രെയിന്‍ എന്‍ജിന്‍ വലിക്കില്ല. വേണാടിനും പാലരുവിക്കും ഇടയില്‍ മെമു സര്‍വീസ് പരിഗണിക്കുന്നുണ്ട്. എറണാകുളത്ത് സൗകര്യമില്ലാത്തത് ആണ് തടസ്സം. ഇന്നലെ തിരക്ക് മൂലം യാത്രക്കാര്‍ കുഴഞ്ഞുവീണതായി റെയില്‍വേയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിരുവല്ലയില്‍ വച്ച് അസുഖം മൂലം തല ചുറ്റിവീണ യാത്രക്കരിക്ക് ചികിത്സ നല്‍കിയതായും റെയില്‍വേ അറിയിച്ചു.
0 Comments