ഗതാഗത നിയമലംഘനം; നടപടിയെടുക്കേണ്ട എംവിഡിയ്ക്ക് വാഹനമില്ല.
ഇടുക്കി: വണ്ടിപ്പെരിയാർ സബ് ആർടിഓയുടെ പരിധിയിൽ വരുന്ന മേഖലയിൽ കള്ളടാക്സികൾ പെരുകുന്നതായി 24X7 തണൽ ടാക്സി അസോസിയേഷൻ. ഇതു സംബന്ധിച്ച് ടാക്സി ഡ്രൈവർമാർ നിരന്തരം പരാതി നൽകുന്നുണ്ടെങ്കിലും കള്ളടാക്‌സി പിടിക്കാൻ പോയിട്ട് അടിയന്തര സ്വഭാവമുള്ള ദൈനംദിന കാര്യങ്ങൾ നടത്തുവാൻ പോലും സ്വന്തമായി വാഹനം ഇല്ലെന്ന അവസ്ഥയാണ് വണ്ടിപ്പെരിയാർ സബ് ആർ ടി ഓഫീസിനുള്ളത്. നിലവിൽ ഉണ്ടായിരുന്ന കെഎൽ 01 എവി 2924 നമ്പരിലുള്ള വാഹനത്തിന് 2004 ഏപ്രിൽ 29ന് ഫിറ്റ്നസ് തീർന്നു. ഡിസംബർ 13ന് ഇൻഷ്വറൻസും തീർന്ന അവസ്ഥയിലാണ്.
വാഹനത്തിൻ്റെ അവസ്ഥ കാണിച്ച് ഗതാഗത കമ്മീഷണർക്ക് കത്ത് നൽകിയെങ്കിലും ഇതുവരെ നടപടികൾ ഒന്നുമുണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മുണ്ടക്കയം മുതൽ കുമളി വരെയും വാഗമൺ മുതൽ കട്ടപ്പനയ്ക്ക് പടിഞ്ഞാറ് വരെയും നീണ്ടു കിടക്കുന്ന പ്രദേശങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി ഉദ്യോഗസ്ഥർ ഓടിയെത്തുന്നത് സ്വകാര്യ വാഹനങ്ങളിലാണ്. അപകടങ്ങളും മറ്റും നടന്നാൽ ബന്ധപ്പെട്ട കക്ഷികൾ മറ്റ് വാഹനങ്ങൾ തയ്യാറാക്കി കൊടുത്താൽ മാത്രമാണ് അപകടസ്ഥലത്ത് എത്തി മഹസർ ഉൾപ്പടെയുള്ള കാര്യങ്ങൾ ചെയ്യുന്നത്. ഡ്രൈവിംഗ് ടെസ്റ്റിനും മറ്റും ഉദ്യോഗസ്ഥർ പോകുന്നത് സ്വകാര്യ ഡ്രൈവിംഗ് സ്ക്കൂളുകളുടെ വാഹനത്തിലാണ്. പലപ്പോഴും ഉദ്യോഗസ്ഥർ കൃത്യസമയത്ത് ടെസ്റ്റിന് എത്തുന്നില്ലെന്ന് ലൈസൻസ് എടുക്കാൻ വരുന്നവരും പരാതിപ്പെടുന്നു. വാഹനങ്ങൾ ടെസ്റ്റ് ചെയ്യുന്നതിനും സ്വകാര്യ വാഹനങ്ങളിലാണെത്തുന്നത്. നിരവധി അപകടകരമായ വളവുകളും ചെങ്കുത്തായ കയറ്റവും ഇറക്കവുമുള്ള മേഖലയിൽ മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ തുടങ്ങിയ അപകടങ്ങളും ഉണ്ടാകാറുണ്ട്. ശബരിമല, ക്രിസ്തുമസ്, പുതുവത്സര തിരക്കിൽ സക്രിയമാകേണ്ട വകുപ്പ് ഉദ്യോഗസ്ഥർ മിക്കവാറും ഓഫീസിൽ തന്നെയാണ്. കളള ടാക്സികളെ കണ്ടെത്താനും നിയമവിധേയമല്ലാത്ത ഓഫ് റോഡ് ഡ്രൈവുകൾ നിയന്ത്രിക്കുവാനും മറ്റ് കുറ്റകൃത്യങ്ങൾ തടയാനും നിലവിൽ യാതൊരു സംവിധാനവുമില്ലാത്ത അവസ്ഥയാണ് വണ്ടിപ്പെരിയാർ ആർ ടി ഓഫീസിനുളളത്.
പ്രസ്തുത വിവരങ്ങൾ ചൂണ്ടിക്കാട്ടി 24X7 തണൽ ടാക്സി അസോസിയേഷനും മറ്റ് സംഘടനകളും പീരുമേട് എംഎൽഎ വാഴൂർ സോമന് നിവേദനം നൽകിയിരുന്നു. അദ്ദേഹമത് മുഖ്യമന്ത്രിയ്ക്ക് കൈമാറിയതായും അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഇനിയും നടപടി ആകാത്ത പക്ഷം, ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചതായി 24X7 തണൽ ടാക്സി അസോസിയേഷൻ അഖിലേന്ത്യാ സെക്രട്ടറി പ്രദീഷ് പീറ്റർ പറഞ്ഞു.
0 Comments