അടൂർ: പൂവൻകോഴിയുടെ കൂവൽ ശല്യമണെന്ന പരാതിയിൽ കോഴിക്കൂട് മാറ്റാൻ ആർഡിഒയുടെ ഉത്തരവ്. അടൂർ പള്ളിക്കൽ വില്ലേജിൽ ആലുംമൂട് പ്രണവത്തിൽ രാധാകൃഷ്ണക്കുറുപ്പാണ് പരാതിക്കാരൻ. ഇദ്ദേഹത്തിന്റെ അയൽവാസിയായ പള്ളിക്കൽ കൊച്ചുതറയിൽ അനിൽ കുമാറിന്റെ വീടിനു മുകൾനിലയിൽ സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂടാണ് തൽസ്ഥാനത്തു നിന്നും മാറ്റാൻ അടൂർ ആർഡിഒ ബി. രാധാകൃഷ്ണൻ നിർദ്ദേശം നൽകിയത്.
പുലർച്ചെ മൂന്നു മുതൽ പൂവൻകോഴി കൂവുന്നത് കാരണം സ്വൈര്യ ജീവിതത്തിന് തടസ്സമുണ്ടാക്കുന്നതായി കാണിച്ച് രാധാകൃഷ്ണക്കുറുപ്പ് അടൂർ ആർഡിഒയ്ക്ക് പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുകൂട്ടരുടേയും ഭാഗം കേട്ട ശേഷം സ്ഥലപരിശോധനയും നടത്തി. കെട്ടിടത്തിന്റെ മുകളിൽ വളർത്തുന്ന കോഴികളുടെ കൂവൽ പ്രായമായതും രോഗാവസ്ഥയിൽ കഴിയുന്നതുമായ പരാതിക്കാരന് രാത്രിയിൽ സ്വസ്ഥമായി ഉറങ്ങുന്നതിന് തടസ്സം ഉണ്ടാക്കുന്നതായി ബോധ്യപ്പെട്ടു. ഈ സാഹചര്യത്തിൽ അനിൽ കുമാറിന്റെ താമസവീടിന് മുകളിലായി സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂട്, ഇവിടെ നിന്നും വീടിന്റെ കിഴക്കുഭാഗത്തേയ്ക്ക് മാറ്റണമെന്ന് ആർഡിഒ ഇറക്കിയ ഉത്തരവിൽ പറയുന്നു. ഉത്തരവ് കൈപ്പറ്റി 14 ദിവസത്തിനുള്ളിൽ നിർദ്ദേശം പാലിക്കണമെന്നും ഉത്തരവിലുള്ളത്.
0 Comments