
കോട്ടയം: രാജഭരണക്കാലത്ത് കരം ഒഴിവായി കിട്ടിയതും അല്ലാത്തതുമായ ക്ഷേത്രഭൂമികള്‍ ഡിജിറ്റല്‍ സര്‍വേയുടെ മറവില്‍ സര്‍ക്കാര്‍ വക പുറമ്പോക്കായി മാറ്റുന്നതായി പരക്കെ ആക്ഷേപം. ദേവസ്വം ബോര്‍ഡ് വക ഭൂമിയാണ് ഇങ്ങനെ സര്‍ക്കാര്‍ വക പുറമ്പോക്കാക്കി മാറ്റുന്നതായി പരാതി ഉയരുന്നത്.
കണ്ണൂർ പിണറായിക്ക് സമീപമുള്ള മമ്പറത്തും പാലക്കാട്ടും ക്ഷേത്ര ഭൂമിയില്‍ സര്‍ക്കാര്‍ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞതായാണ് റിപ്പോർട്ട്. സമാന തരത്തിലുള്ള സംഭവങ്ങള്‍ കേരളം മുഴുവന്‍ വ്യാപിച്ചതോടെ കേരള ക്ഷേത്ര സംരക്ഷണ സമിതി മുന്നറിയിപ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ് ഏക്കർ കണക്കിന് ക്ഷേത്രഭൂമികള്‍ ഇതിനോടകം സര്‍ക്കാര്‍ പുറമ്പോക്കായി മാറിയിട്ടുള്ളതെന്ന് ക്ഷേത്രസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍ വെളിപ്പെടുത്തി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള തിരുമൂഴിക്കുളം സബ് ഗ്രൂപ്പില്‍പ്പെട്ട പെരുവ പൈക്കര ശിവ – വിഷ്ണു – ദുര്‍ഗാ ക്ഷേത്രം വക റീസര്‍വേ 414/2ല്‍ പെട്ട 25 ആര്‍ 68 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം റീസര്‍വേക്ക് ശേഷം സര്‍ക്കാര്‍ ഭൂമിയായി മാറി. ഈ മേഖലയില്‍ നിരവധി ക്ഷേത്രഭൂമികള്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ പുറമ്പോക്കായി തീര്‍ന്നിട്ടുണ്ട്. തിരുമൂഴിക്കുളം സബ് ഗ്രൂപ്പില്‍പ്പെട്ട വടുകുന്നപ്പുഴ ശ്രീമഹാദേവ ക്ഷേത്രം വക സര്‍വ്വേ നമ്പര്‍ 45/20ല്‍പ്പെട്ട 39 ആര്‍ 54 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലവും സര്‍ക്കാര്‍ പുറമ്പോക്കാണിപ്പോള്‍. ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിൽ ഉള്ള കാരിക്കോട് ശിവക്ഷേത്രം വക സര്‍വേ നമ്പര്‍ 533/4ല്‍ പെട്ട 69 ആര്‍ 59 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്തോട് ചേര്‍ന്നുള്ള ക്ഷേത്രക്കുളം ഇപ്പോള്‍ റവന്യൂ പുറമ്പോക്ക് ഭൂമിയാണ്. മുളക്കുളം മേജര്‍ ലക്ഷ്മണ സ്വാമി ക്ഷേത്രം വക സര്‍വേ നമ്പര്‍ 26/6ല്‍ പെട്ട ഒരു ഹെക്ടര്‍ 13 ആര്‍ 72 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം സര്‍ക്കാര്‍ ഭൂമിയായാണ് റവന്യൂ രേഖകളിലുള്ളത്. വൈക്കം ഗ്രൂപ്പില്‍ തന്നെയുള്ള തേര്‍ഡ് ഗ്രേഡ് തേവര്‍താനം മഹാവിഷ്ണു ക്ഷേത്രത്തിന്റെ സര്‍വേ നമ്പര്‍ 243/4-ല്‍ പെട്ട 72 ആര്‍ 47 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം റീസര്‍വേ കഴിഞ്ഞതോടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പുറമ്പോക്കായി മാറി. ക്ഷേത്ര ഉടമസ്ഥതയിലുള്ള വഴി പോലും സര്‍ക്കാര്‍ പുറമ്പോക്കായി മാറിയത്രേ ! തിരുമൂഴിക്കുളം കുന്നപ്പള്ളിക്കാവ് മൈനര്‍ ഭഗവതി ക്ഷേത്രം വക ഭൂമിയിലുള്ള വഴിയാണിത്. സര്‍വ്വേ നമ്പര്‍ 460/10-ല്‍ പെട്ട 4 ആര്‍ 85 സ്‌ക്വയര്‍ മീറ്റര്‍ റോഡാണ് സര്‍ക്കാര്‍ വകയായി മാറിയത്. കീഴൂര്‍ സബ് ഗ്രൂപ്പില്‍പെട്ട ധര്‍മശാസ്താ ക്ഷേത്രം വക സര്‍വേ നമ്പര്‍ 666/2ല്‍ ഉള്‍പ്പെട്ട രണ്ട് ഹെക്ടര്‍ 30 ആര്‍ 24 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്തിന് ഇപ്പോള്‍ ക്ഷേത്രത്തിന് അവകാശമില്ല. റീസര്‍വേ പ്രകാരം ഇവിടം സര്‍ക്കാര്‍ പുറമ്പോക്കായി മാറിക്കഴിഞ്ഞു. പെരുവ കുന്നപ്പിള്ളി കാവിന്റെ 68 സെന്റ് ഭൂമി റീസര്‍വേക്ക് ശേഷം സര്‍ക്കാര്‍ വകയായും സമീപ വാസികളുടെ വകയായും മാറിയത് അടുത്തിടെ വാര്‍ത്തയായിരുന്നു.
ദേവസ്വം വക ഭൂമി കണ്ടെത്തി ഏറ്റെടുക്കാന്‍ 2023 ഏപ്രില്‍ 19ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചിരുന്നു. എന്നാല്‍ നിയമനം നടന്നതല്ലാതെ യാതൊരു രേഖകളും ഇതു സംബന്ധിച്ച് കണ്ടെത്തി ഭൂമിക്കുമേല്‍ അവകാശം ഉന്നയിക്കാന്‍ കഴിഞ്ഞിട്ടില്ല. ദേവസ്വം ബോര്‍ഡ് രൂപീകരിക്കുന്നതിന് മുമ്പ് രാജഭരണ കാലത്ത് ക്ഷേത്രഭരണം നടത്തിയിരുന്ന പശ്ചിമഘട്ട ദേവസ്വത്തിന്റെ വകയായ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന അന്തരിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പിന്നീട് വന്ന ഭാരവാഹികള്‍ ഒന്നും ചെയ്തില്ലെന്നും ആക്ഷേപമുയരുന്നു..
0 Comments