രാജ്യത്തെ വിജയശതമാനം 13.44 മാത്രം: സിഎ പരീക്ഷയിൽ അംറത്തിന് രാജ്യത്ത് അഞ്ചാം റാങ്ക്, കേരളത്തിൽ ഒന്നാമത്.
കോഴിക്കോട്: രാജ്യത്ത് 13.44% പേർ മാത്രം വിജയിച്ച പരീക്ഷയിൽ അഞ്ചാം റാങ്ക് നേടുക ചില്ലറ കാര്യമല്ല. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ സിഎ ഫൈനൽ പരീക്ഷയിലൂടെ 22-ാം വയസ്സിൽ ആ നേട്ടമാണ് അംറത് ഹാരിസ് സ്വന്തമാക്കിയത്. 600ൽ 484 മാർക്ക്. ദേശീയ തലത്തിലെ അഞ്ചാം റാങ്കും കേരളത്തിലെ ഒന്നാം റാങ്കും. 2021ൽ സിഎ ഇന്റർമീഡിയറ്റ് പരീക്ഷയിൽ ദേശീയ തലത്തിൽ 16-ാംറാങ്ക് നേടിയിരുന്ന അംറത്തിന് ഇത് ആ വിജയപരമ്പരയുടെ തുടർച്ച മാത്രം.
പത്താം ക്ലാസിലേ തീരുമാനിച്ചു തിരുവണ്ണൂർ സ്വദേശിയായ പിതാവ് ഹാരിസ് ഫൈസലിനും തിരുവനന്തപുരം മണക്കാട് സ്വദേശിനിയായ മാതാവ് ഷീബയ്ക്കുമൊപ്പം ഷാർജയിലാണ് അംറത് വളർന്നത്. പിതാവ് അക്കൗണ്ട്സ് മാനേജരായാണ് ജോലി ചെയ്യുന്നത്. സഹോദരി അംജതയും സഹോദരീ ഭർത്താവ് തൗഫീഖും സിഎക്കാരാണ്. ഇതാണ് തന്റെയും വഴിയെന്നു പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ അംറത് മനസ്സിലുറപ്പിച്ചിരുന്നു.
സിഎയ്ക്കൊപ്പം ബികോം ഡിഗ്രിയും നേടി. 2020 മാർച്ചിൽ പ്ലസ്‌ടു കഴിഞ്ഞ് നവംബറിൽ ഫൗണ്ടേഷൻ പരീക്ഷയും 2021 ഡിസംബറിൽ ഇന്റർമീഡിയറ്റ് പരീക്ഷയും എഴുതി. തുടർന്ന് മൂന്നു വർഷത്തെ ആർട്ടിക്കിൾഷിപ് (പ്രായോഗിക പരിശീലനം)ചെയ്യുന്നതിനിടെയാണ് ഫൈനൽ പരീക്ഷയ്ക്കു തയ്യാറെടുത്തത്. ഇതിനിടെ തന്നെ ഇന്ദിരാഗാന്ധി ഓപ്പൺ സർവകലാശാലയിൽ നിന്ന് ബികോമും പൂർത്തിയാക്കി. ആർട്ടിക്കിൾഷിപ്പിൽ നിന്ന് 6 മാസം ബ്രേക്ക് എടുത്താണ് ഫൈനൽ പരീക്ഷ എഴുതാനുള്ള അന്തിമതയ്യാറെടുപ്പിലേക്കു കടന്നത്. വീട്ടിൽ തന്നെ രണ്ട് സിഎക്കാർ ഉണ്ടായിരുന്നതിനാൽ മാർഗ്ഗനിർദ്ദേശം എളുപ്പമായി.
സിഎ ഫൈനൽ പരീക്ഷയ്ക്ക് രണ്ടു ഗ്രൂപ്പുകളാണുള്ളത്. ഓരോ ഗ്രൂപ്പിലും ഏതെങ്കിലും ഒരു വിഷയം കിട്ടിയില്ലെങ്കിൽ ആ ഗ്രൂപ്പിലെ എല്ലാ വിഷയങ്ങളും വീണ്ടുമെഴുതണം. അതിനാൽ, ഓരോ ഗ്രൂപ്പ് വീതമായി പരീക്ഷ എഴുതാനാണു പലരും ശ്രമിക്കാറുള്ളത്. ആർട്ടിക്കിൾഷിപ്പിന്റെ തിരക്കുകൾക്കിടെ രണ്ടു ഗ്രൂപ്പും ഒരുമിച്ചെഴുതുക എളുപ്പമല്ലെന്നു കരുതുന്നവരുണ്ട്. എന്നാൽ, രണ്ടു ഗ്രൂപ്പുകളും ഒരുമിച്ചെഴുതി വിജയിച്ചാലേ റാങ്കിനു പരിഗണിക്കൂ. അംറത് ആ റിസ്ക് ധൈര്യമായി ഏറ്റെടുത്തു. രണ്ടും ഒന്നിച്ചു പഠിക്കുന്നവർക്ക് ഓപ്പൺ ബുക്ക് പരീക്ഷ കൂടുതൽ എളുപ്പമാകുകയും ചെയ്യുമെന്ന് അംറത് സ്വന്തം അനുഭവത്തിൽനിന്നു പറയുന്നു.
0 Comments